കുതിരാന്‍ തുരങ്ക പാത: ഇളകി നില്‍ക്കുന്ന പാറകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

May 30, 2018 0 By Editor

പട്ടിക്കാട്: കുതിരാന്‍ തുരങ്ക മുഖത്തെ ഇളകി നില്‍ക്കുന്ന പാറകള്‍ അപകടഭീഷണി ഉയര്‍ത്തിയിട്ടും ദേശീയപാത അഥോറിറ്റിക്ക് കുലുക്കമില്ല. ആവശ്യമായ ചരി വില്‍ ശാസ്ത്രീയമായി പാറ പൊട്ടിച്ചെടുക്കാത്തതു മൂലം തുരങ്കമുഖം ദുരന്തമുഖമായി മാറാന്‍ സാധ്യതയേറെയാണ്.

കഴിഞ്ഞ മാര്‍ച്ച് രണ്ടിനു തുരങ്ക മുഖത്തുനിന്നു കല്ലുകള്‍ അടര്‍ന്നു വീണു ഭീതി പരത്തിയപ്പോള്‍ നാട്ടുകാരുടെ പരാതി പ്രകാരം ജില്ലാ കളക്ടര്‍, ദേശീയപാത അധികൃതര്‍, കെഎംസി കമ്പനി പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഒ. സണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുരങ്ക മുഖത്തെ പാറകള്‍ ആവശ്യമായ സ്ലോപ്പില്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ വനഭൂമി ആവശ്യമാണെന്ന് കരാര്‍ കമ്പനി പറയുന്നു. ഇതിന് ആവശ്യമായ ഭൂമി വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാല്‍ ഭൂമി വിട്ടുനില്‍ക്കുന്ന അനുമതി കേരള വനംവകുപ്പിനു നല്‍കാന്‍ സാധ്യമായനിന്ന വിവരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കളക്ടറെ അറിയിച്ചു.

അപകടസാധ്യത മുന്നില്‍ കണ്ടു ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഇളകി നില്‍ക്കുന്ന കരിങ്കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യമായ ഓര്‍ഡന്‍ ജില്ലാ കളക്ടര്‍ നല്‍കി. തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി ഭൂമി അനുവദിക്കാന്‍ അപേക്ഷ ഉടന്‍ തരാന്‍ വനംവകുപ്പും ആവശ്യപ്പെട്ടിട്ടും എന്‍എച്ച്എഐ അപേക്ഷ നല്‍കിയില്ല. തുടര്‍ന്ന് മാര്‍ച്ച് 31നു പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അപേക്ഷ നല്‍കാന്‍ എഎച്ച്എഐ അധികൃതര്‍ക്ക് കത്തയച്ചു.

എന്നിട്ടും അപേക്ഷ നല്‍കാതായപ്പോള്‍ തൃശൂര്‍ ഡിഎഫ്ഒ മേയ് 19ന് വീണ്ടും എന്‍എച്ച്എഐക്ക് കത്തയച്ചു. ഇന്നേവരെ ഭൂമിക്കായി എന്‍എച്ച്എഐ അപേക്ഷ സമര്‍പ്പിക്കാന്‍ കൂട്ടാക്കുന്നില്ല. ഭൂമിക്ക് അപേക്ഷ നല്‍കാത്തതിന്റെ കാരണം പാറ നീക്കം ചെയ്യാന്‍ അനുമതി കിട്ടിയില്ല എന്ന പേരില്‍ പണികള്‍ നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് പറയുന്നുണ്ട്.