കുട്ടനാട് ഉണരുന്നു: പുനരധിവാസ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം

August 28, 2018 0 By Editor

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ഇന്ന് തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങള്‍ ഇന്നെത്തും.സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60,000 ആളുകളാണ് ഇന്ന് ശുചീകരണ പ്രവര്‍ത്തനത്തിനായി കൈകോര്‍ക്കുന്നത്. ഇവര്‍ക്കുള്ള ചുമതലകള്‍ ഏതൊക്കെ പ്രദേശങ്ങളിലാണന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചു കൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.

കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലാണ് ശുചീകരണം. 30ന് സ്‌കൂളുകളിലെ ക്യാമ്ബുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആയിരക്കണക്കിന് കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത് മുന്നില്‍ക്കണ്ടാണ് ദ്രുതഗതിയിലുള്ള ശുചീകരണം നടപ്പാക്കുന്നത്. ശുചീകരണത്തിനായി ഓരോ വീട്ടില്‍നിന്ന് ഒരുഅംഗമാകുമ്‌ബോള്‍ തന്നെ 50000 പേര്‍ വരും. കൂടാതെ 5000 പേരെ ജില്ലയുടെ അകത്തുനിന്നും 5000 പേരെ പുറത്തുനിന്നും സന്നദ്ധസേവനത്തിന് ലഭ്യമാക്കും.

30ന് വീടുകളിലേക്ക് പോകാത്തവരെ പ്രത്യേക ക്യാമ്ബുകളിലേക്ക് മാറ്റും. ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ്ജലഗതാഗത മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കും. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും. സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്ബില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം വരുത്തും. ശുചീകരണ പ്രവര്‍ത്തനത്തിലെ വളണ്ടിയേഴ്‌സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇനിയും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ആലപ്പുഴ കലക്ടറേറ്റില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ എത്തിച്ചേരണം. ഇവരെ അതത് സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ വാഹന സൗകര്യവും ജില്ലാ ഭരണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.