കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ: പോക്‌സോ നിയമഭേദഗതി അംഗീകരിച്ചു

April 21, 2018 0 By Editor

ന്യൂഡല്‍ഹി ; പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സൂറത്ത്, കത്വ, ഉന്നാവൊ സംഭവങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രം ഇറക്കിയത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതിയ ഓര്‍ഡിനന്‍സ് പുറത്തിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

നിലവില്‍ പോക്‌സോ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്.പീഡനത്തിനിരയാകുന്ന സ്ത്രീ മരിച്ചാലോ,ജീവച്ഛവമായാലോ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ഭേദഗതി 2012 ഡിസംബറില്‍ നിര്‍ഭയ കേസ് വന്ന ശേഷമാണ് ഓര്‍ഡിനന്‍സ് വഴി നിലവില്‍ വന്നത്.ഇത് പിന്നീട് ക്രിമിനല്‍ നിയമ ഭേദഗതിച്ചട്ടമായി.

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്. 12 വയസ്സുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മേനകാഗാന്ധി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ദിവസം 106 റേപ്പ് കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് 2016 ലെ കണക്ക്. ഇതില്‍ 10 ല്‍ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് കണക്ക്.