കുവൈത്തിൽ പ്രവാസികളുടെ എമിഗ്രേഷൻ നടപടികൾക്കു സിവിൽ ഐഡി നിർബന്ധമാക്കുന്നു

March 9, 2019 0 By Editor

കുവൈത്തിൽ പ്രവാസികളുടെ എമിഗ്രേഷൻ നടപടികൾക്കു സിവിൽ ഐഡി നിർബന്ധമാക്കുന്നു. ഇതോടെ വിദേശികൾ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവിൽ ഐഡി കാർഡ് നിർബന്ധമാകും. വിവിധരാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ചാണ് പരിഷ്കരണം നടപ്പാക്കുന്നത്.

ഇഖാമ വിവരങ്ങൾ പാസ്പ്പോർട്ടിൽ സ്റ്റിക്കർ രൂപത്തിൽ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. ആദ്യ ഘട്ടത്തിൽ മാർച്ച് പത്തു മുതൽ ഗാർഹിക വിസയിലുള്ളവർക്കാണ് സ്റ്റിക്കർ ഒഴിവാക്കുന്നത്. പിന്നീട് താത്കാലിക ഇഖാമ ഒഴികെയുള്ള മുഴുവൻ ഇഖാമ കാറ്റഗറികൾക്കും ബാധകമാകും. ഇഖാമ സ്റ്റിക്കറിന് പകരം ഇഖാമ പാസ്പോർട്ട് വിവരങ്ങൾ എന്നിവ സിവിൽ ഐഡിയിൽ ഉൾക്കൊള്ളിക്കുന്നതാണ് പരിഷ്കരണം. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് പരിഷ്കരണം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്, ആഭ്യന്തരമന്ത്രാലയം. കുവൈത്തിന് പുറത്തായിരിക്കെ സിവിൽ ഐഡി കൈമോശം വന്നാൽ അതാതു രാജ്യത്തെ കുവൈത്ത് എംബസ്സിയിൽ റിപ്പോർട്ട് ചെയ്യണം. താമസകാര്യ വകുപ്പിൽ നിന്നും ഇഖാമാകാലാവധി ഉൾപ്പെടെയുള്ള വിവരങ്ങൾ ഉറപ്പു വരുത്തിയശേഷം എംബസ്സി നൽകുന്ന എൻട്രി പേപ്പർ ഉപയാഗിച്ചു ഇത്തരക്കാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. ഇഖാമ കാലാവധി അവസാനിക്കാറായവർ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുൻപ് ഇഖാമ പുതുക്കണമെന്നു അധികൃതരുടെ നിർദേശമുണ്ട്. കാലാവധി തീരുന്നതിനു രണ്ടു മാസം മുൻപ് തന്നെ ഇഖാമ പുതുക്കാൻ അനുവദിക്കും. ഇഖാമ പുതുക്കാൻ ഉദ്ദേശിക്കുന്നവർ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്കു പേജ് ലൈക്ക് ചെയ്യുക https://www.facebook.com/eveningkerala/