എല്‍ഐസി പ്രവര്‍ത്തനങ്ങള്‍ ഇനി ഗള്‍ഫ് രാജ്യങ്ങളിലും

July 13, 2018 0 By Editor

ദുബായ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലപ്പെടുത്താന്‍ തീരുമാനം. ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ അബുദാബി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജനകീയമാക്കാന്‍ ഗള്‍ഫ് സ്ഥാപനങ്ങളുമായി കൈകോര്‍ക്കാനും ധാരണയായി.

യുഎഇയില്‍ തകാഫുല്‍ ഇന്‍ഷുറന്‍സ്, റീ ഇന്‍ഷുറന്‍സ് ബിസിനസ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് എല്‍.ഐ.സി ലക്ഷ്യം. ഐബിഎംസി ഇന്റര്‍നാഷണല്‍ സ്ഥാപനവുമായാണ് എല്‍.ഐ.സി ധാരണയിലെത്തിയത് .

അബുദാബിയിലെ അല്‍ ബതീന്‍ പാലസ് മജ്‌ലിസില്‍ നടന്ന ചടങ്ങില്‍ ഐബിഎംസി ഇന്റര്‍നാഷണല്‍ യുഎഇ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹമഹമദിന്റെ സാന്നിധ്യത്തില്‍, ഐബിഎംസി ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ പി. കെ. സജിത്കുമാര്‍, എല്‍ഐസി ഇന്റര്‍നാഷണല്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ഖാന്‍ഡ്വാള്‍, എല്‍ഐസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിനി ഐപ്പ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. രാജ്യാന്തര ഇന്‍ഷുറന്‍സ് വ്യവസായ മേഖലയില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ളതാണ് എല്‍ഐസി ഇന്റര്‍നാഷണല്‍.

ധാരണ രൂപപ്പെട്ടതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ഐബിഎംസി ഇന്റര്‍നാഷണല്‍ യുഎഇ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹമദ് പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാകാനും ഇതു പാതയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.