മാധ്യമ പ്രവര്‍ത്തകയുടെ കവിള്‍ തലോടല്‍: ഒടുവില്‍ ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

മാധ്യമ പ്രവര്‍ത്തകയുടെ കവിള്‍ തലോടല്‍: ഒടുവില്‍ ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

April 18, 2018 0 By Editor

ചെന്നൈ: ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടി വിവാദത്തിലായ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് മാപ്പ് പറഞ്ഞ് തലയൂരി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗതികെട്ട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞത്.

ഉയര്‍ന്ന മാര്‍ക്കും ബിരുദവും വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനികളെ വനിതാ പ്രൊഫസര്‍ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേര് പരാമര്‍ശിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ചോദ്യം ചോദിച്ച ദ വീക്ക് പത്രത്തിലെ റിപ്പോര്‍ട്ടറായ ലക്ഷ്മി സുബ്രമഹ്ണ്യത്തിന് മറുപടി നല്‍കാതെ അവരുടെ കവിളില്‍ തൊടുകയായിരുന്നു. പിന്നാലെ ബന്‍വരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി ട്വീറ്റ് ചെയ്യുകയും ചെയ്തു.

പത്രസമ്മേളനത്തിനൊടുവില്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദ്യം ചോദിച്ചു. എന്നാല്‍ എന്റെ സമ്മതം കൂടാതെ മറുപടിയായി ഗവര്‍ണര്‍ എന്റെ കവിളില്‍ പിടിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം ഞാന്‍ പലതവണ മുഖം കഴുകി. ഇതുവരെ അതില്‍ നിന്നും മോചിതയാകാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ബന്‍വരിലാല്‍. നിങ്ങള്‍ക്ക് അഭിനന്ദിക്കുന്നതിന്റെ ഭാഗമായോ മുത്തശ്ശന്റെ പെരുമാറ്റമോ ആവാം ഇത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ തെറ്റാണ്” ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.