മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച: പ്രതികളെ തിരിച്ചറിഞ്ഞു

September 21, 2018 0 By Editor

കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളായ ബംഗ്ലാദേശ് സംഘത്തെകുറിച്ചാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. സംഭവ ദിവസം രാവിലെ മുതല്‍ സംഘം കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്.

പകല്‍ പരിസരം നിരീക്ഷിച്ച ശേഷം രാത്രി ട്രാക്കിലൂടെ നടന്നാണ് റെയില്‍വേഗേറ്റിനു പരിസരത്തെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബംഗ്ലാദേശ് സ്വദേശികളായ കവര്‍ച്ചക്കാര്‍ ഏതാനും നാളുകളായി കൊച്ചി കേന്ദ്രീകരിച്ച് തമ്ബടിച്ചിരുന്നു. അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂരില്‍ മറ്റെവിടെയെങ്കിലും മോഷണം നടത്തിയതായി കണ്ടെത്തിയിട്ടില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതോടെ വിലാസം കണ്ടെത്തി ഡല്‍ഹി സീമാപുരിയിലെ വീടുകളില്‍ പോലീസ് പോയിരുന്നു. എന്നാല്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ബംഗ്ലാ സംഘം വീടുകളില്‍ ഉണ്ടാവാറില്ലെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശ് സ്വദേശിയായ അഭിഭാഷകന്‍ ബംഗ്ലാ സംഘത്തിനു വേണ്ടി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചയ്ക്കു വാഹനം ഉപയോഗിച്ചിട്ടില്ലെന്നാണ് നിഗമനം.

കഴിഞ്ഞ ആറിനു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും വീട്ടില്‍ കെട്ടിയിട്ടു മര്‍ദിച്ച് വന്‍ കവര്‍ച്ച നടത്തിയത്. 60 പവന്‍ സ്വര്‍ണാഭരണം, വജ്രാഭരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയും പതിനയ്യായിരത്തോളം രൂപയുമാണ് വീട്ടില്‍ നിന്നും മോഷണം പോയത്.