മലയോര ഹൈവേ നിര്‍മാണം: സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചു

മലയോര ഹൈവേ നിര്‍മാണം: സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചു

July 18, 2018 0 By Editor

ചിറ്റാരിക്കാല്‍: മലയോര ഹൈവേ നിര്‍മാണത്തിനു മുന്നോടിയായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. പാതയുടെ ആദ്യറീച്ചിലുള്‍പ്പെട്ട ചെറുപുഴ വള്ളിക്കടവ് കോളിച്ചാല്‍ റോഡിന്റെ നിര്‍മാണത്തിനു മുന്നോടിയായാണ് സ്വകാര്യവ്യക്തികള്‍ വിട്ടുനല്‍കിയ റോഡരികിലെ ഭൂമി അളന്നുതിട്ടപ്പെടുത്തുന്നത്.

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരിപഞ്ചായത്തുകളിലുള്‍പ്പെട്ട റോഡ് ഭാഗങ്ങളാണ് കഴിഞ്ഞദിവസം മരാമത്ത് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ അളന്നു കുറ്റിയിട്ടത്. ഹൈവേ നിര്‍മാണത്തിനു മുന്നോടിയായി നേരത്തേതന്നെ ഓരോ പഞ്ചായത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കര്‍മസമിതികള്‍ രൂപീകരിച്ചിരുന്നു. ഈ സമിതികളുടെ നേതൃത്വത്തിലാണ് റോഡിനു വീതികൂട്ടാന്‍ സ്ഥലം വിട്ടുനല്‍കിക്കൊണ്ടുള്ള അനുമതിപത്രം സ്വകാര്യ വ്യക്തികളില്‍നിന്നും വാങ്ങുന്നത്. ഇതോടൊപ്പമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിട്ടുകിട്ടിയ ഭൂമി അളന്നുതിട്ടപ്പെടുത്തുകയും ചെയ്തത്.

ചെറുപുഴ പാലത്തില്‍നിന്നും കോളിച്ചാല്‍ വരെയുള്ള ആദ്യ റീച്ചിലെ 30.377 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 82 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മലയോര ഹൈവേയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലുള്‍പ്പെട്ട ഈറോഡ് 12 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്.

ചെങ്കുത്തായ കയറ്റിറക്കങ്ങളും കൊടുംവളവുകളും ഏറെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വീതി കൂടുതല്‍ വികസിപ്പിക്കേണ്ടിവരും. ഏഴുമീറ്റര്‍ വീതിയിലാണ് ടാറിംഗ് നടത്തുക.റോഡ് അളക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം, വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍, വിവിധ കക്ഷിനേതാക്കളായ സാബു ഏബ്രഹാം, ടി.ഡി.ജോണി, അഗസ്റ്റിന്‍ ജോസഫ്, ജിമ്മി കവലവഴി, ജോജി പുല്ലാഞ്ചേരി എന്നിവര്‍ക്കുപുറമെ ജനപ്രതിനിധികളും കര്‍മസമിതി പ്രവര്‍ത്തകരും നാട്ടുകാരും നേതൃത്വം നല്‍കി.