മാനം തെളിഞ്ഞു: നഗരം ബക്രീദ്-ഓണം തിരക്കില്‍

August 21, 2018 0 By Editor

കോഴിക്കോട്‌: കലിയടങ്ങിയ പ്രകൃതി വെയില്‍ പകരാന്‍ തുടങ്ങിയതോടെ നഗരത്തില്‍ ബക്രീദ്-ഓണത്തിരക്ക് തുടങ്ങി. ദിവസങ്ങളായി ഉറങ്ങിക്കിടന്ന നഗരത്തിലെ കച്ചവടകേന്ദ്രങ്ങള്‍ സജീവമായപ്പോള്‍ റോഡിലെ തിരക്കും കൂടി. തുണിക്കടകളില്‍ രാവിലെ മുതലുണ്ടാവുന്ന തിരക്ക് രാത്രി ഏറെ വൈകിയും തുടരുകയാണ്. താലൂക്കിന്റെ പല ഭാഗത്തുമുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്നു താറുമാറായ ഗതാഗതം കഴിഞ്ഞ ദിവസം മുതല്‍ പുനഃസ്ഥാപിച്ചിരുന്നു. ഇതെ തുടര്‍ന്നാണു നഗരത്തില്‍ തിരക്ക് കൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച മിക്ക കടകളും തുറന്നപ്പോഴും തിരക്കിനു കുറവൊന്നുമില്ല.

റെഡിമെയിഡ് സ്ഥാപനങ്ങളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും വന്‍ തിരക്കാണിപ്പോള്‍. തിരക്കു കൂടിയതോടെ മാര്‍ക്കറ്റ് റോഡ്, മെയിന്‍ റോഡ്, എടോടി, പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും തുടങ്ങി. വലിയ വാഹനങ്ങള്‍ ഈ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത പ്രശ്‌നവുമുണ്ട്. പലപ്പോഴും മിനിറ്റുകളോളം നീളുന്ന ബ്ലോക്ക് മൂലം ഗതാഗത പ്രശ്‌നവും രൂക്ഷമാണ്. ട്രാഫിക് പൊലീസ് കൂടുതല്‍ സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സൗകര്യമില്ലാത്തതുകൊണ്ടു പ്രശ്‌നം പരിഹരിക്കാനാവുന്നില്ല. വരും ദിവസങ്ങളില്‍ ക്രമാതീതമാകുന്ന തിരക്ക് അതിജീവിക്കാനാവാത്ത സ്ഥിതിയുണ്ടാകും. അത്രയ്ക്കു രൂക്ഷമാണ് ഇന്നലെ നഗരത്തിലെ തിരക്ക്. തിരക്കേറുമ്പോള്‍ ക്വീന്‍സ് റോഡിലും പരിസരത്തും വാഹനങ്ങള്‍ കടത്തിവിടുന്നില്ല. മറ്റു പല റോഡിലും വാഹന നിയന്ത്രണത്തിനാണു സാധ്യത.