മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശനത്തിന് സ്റ്റേ തുടരും;ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും

September 7, 2018 0 By Editor

നാലു സ്വാശ്രയ മെഡി. കോളജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും.തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം., പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണ് കോടതി സ്റ്റേ ചെയ്തത്. കോളജുകള്‍ ബുധനാഴ്ചക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. പത്തിനകം കൗണ്‍സിലിങ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം ഉടന്‍ പറയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വാദം പറയാന്‍ തയാറായി വരാന്‍ ജസ്്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈവര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ പ്രവേശന നടപടികള്‍ മരവിച്ചിരിക്കുകയാണ്. നാല് സ്വാശ്രയ കോളജുകളിലെ അഞ്ഞൂറ്റിയന്‍പത് സീറ്റുകളിലേക്കാണ് ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയിരുന്നത്.