മിഠായിത്തെരുവിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

July 12, 2018 0 By Editor

കോഴിക്കോട്: മിഠായിത്തെരുവില്‍ യാത്രക്കാര്‍ക്ക് തടസം നില്‍ക്കുന്ന വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം എസ്എം സ്ട്രീറ്റില്‍ സ്ട്രീറ്റ് മാനേജര്‍മാരെ നിയമിച്ച് മെച്ചപ്പെട്ട പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ജുഡീഷല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഭിന്നശേഷികാര്‍ക്ക് ബഗികാറില്‍ സൗജന്യയാത്ര അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത് വയോധികരുടെയും ഭിന്നശേഷിക്കാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. എം.വി. ജോര്‍ജ് ജോസഫ്, മുഹമ്മദ് നൗഫല്‍ എന്നിവര്‍ നല്‍കിയ പരാതികളിലാണ് ഉത്തരവ്. ഭിന്നശേഷിക്കാരായ ഇവര്‍ക്ക് എസ്എം സ്ട്രീറ്റില്‍ നവീകരണത്തിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നാണ് പരാതി. തങ്ങളുടെ മുചക്ര വാഹനങ്ങള്‍ സ്ട്രീറ്റിലേക്ക് കടത്തിവിടുന്നില്ലെന്നും അതിനാല്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വാഹനം പ്രവേശിക്കാതിരിക്കാന്‍ ഇരുന്പ് ചങ്ങല സ്ഥാപിച്ചതായും പരാതിയില്‍ പറയുന്നു. നഗരസഭ സെക്രട്ടറി വിശദീകരണം സമര്‍പ്പിച്ചു.