മുചുകുന്ന് സമരം 1000 ദിവങ്ങള്‍ പിന്നിടുന്നു

April 23, 2018 0 By Editor

കോഴിക്കോട്: മണ്ണും വെള്ളവും വായും ആകാശവും വിഷമയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ മുചുകുന്നിലെ സിഡ്‌കോ വ്യവസായ പാര്‍ക്കിലെ ലെഡ് അധിഷ്ഠിത റെഡ് കാറ്റഗറിയില്‍ പെട്ട ബാറ്ററി കമ്പനിക്കെതിരെയുള്ള സമരം 1000 ദിവസങ്ങള്‍ പിന്നിടുന്നു. 2015 ജൂണ്‍ 7ലാണ് മുചുകുന്ന് നോര്‍ത്ത് യുപി സ്‌കൂളില്‍ വെച്ച് ജനകീയ കണ്‍വെന്‍ഷനോടു കൂടിയാണ് സമരത്തിന് തുടക്കം കുറിക്കുന്നത്. കമ്പനിക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്‌തെങ്കിലും ജനങ്ങളെയും പഞ്ചായത്തിനെയും വെല്ലുവിളിച്ച് കൊണ്ട് കമ്പനി തുടരുകയാണ്.

മനുഷ്യചങ്ങല, പ്രതിരോധ സംഗമം, വിഷുദിന ഉപവാസം, സായാഹ്ന ധര്‍ണ്ണകള്‍, കല്‌ട്രേറ്റ് മാര്‍ച്ച്, വ്യവസായ വകുപ്പിന്റെ ബോധവല്‍ക്കരണ ക്യമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും, വാഹന പ്രചരണ ജാഥ, കുട്ടികളുടെ പ്രതിഷേധ സംഗമം, ഗ്രാമസഭാ യോഗങ്ങള്‍, കാല്‍നട പ്രചരണ യാത്ര, സമരപത്രികാ പ്രകാശനം തുടങ്ങി നിരവധി പ്രക്ഷോഭ പരിപാടികള്‍ ഇതിനോടകം ചെയ്തു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കമ്പനി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭൂജല വകുപ്പിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണം നിരസിച്ചു. ബാറ്ററി നിര്‍മാണ ശാലകള്‍ ജനവാസ കേന്ദ്രത്തില്‍ പാടില്ലെന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന നെരവത്ത് കോളനി, പാലയാടി മീത്തല്‍, ചെറുവാനത്ത് കോളനി എന്നിവയുടെ നടുവിലാണ് കമ്പനി സ്ഥാപിക്കുന്നത്. റെഡ് കാറ്റഗറിയില്‍ പെടുന്ന വന്‍കിട വ്യവസായങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയില്‍ വീടുകളോ, മറ്റ് പൊതു സ്ഥാപനങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന നിയമം നിലവിലുള്ളപ്പോള്‍ വ്യാജ രേഖ നല്‍കിയാണ് ഉടമകള്‍ കമ്പനിക്ക് അനുമതി വാങ്ങാന്‍ ശ്രമിച്ചതെന്നാണ് മുചുകുന്ന് ജനകീയ സമര സമിതി ചെയര്‍മാന്‍ സി പി ബാബു പറയുന്നത്.

സര്‍ക്കാര്‍ കോളേജ്, അംഗനവാടികള്‍, മുചുകുന്ന് നോര്‍ത്ത് യുപി സ്‌കൂള്‍, പഞ്ചായത്ത് കിണര്‍, കുടിവെള്ള ടാങ്ക് എന്നിവയും കമ്പനിയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. നിലവില്‍ അസംബ്ലിംഗ് എന്ന പേരില്‍ അുമതി വാങ്ങാനാണ് കമ്പനി ശ്രമിക്കുന്നതെന്ന്് അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തില്‍ മറ്റ് ജില്ലകളിലൊന്നും ബാറ്ററി അസംബ്ലിക് യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ല. ബാറ്ററി അസംബ്ലിംഗ് യൂണിറ്റായാലും നിര്‍മ്മാണ യൂണിറ്റായായലും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അുവദിക്കില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നാട്ടുക്കാരുടെയും തീരുമാനം. ഇത്തരം ബാറ്ററി കമ്പിനികള്‍ വളരെ കുറഞ്ഞ അളവില്‍ ഭൂഗര്‍ഭ ജലാശയമുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഇടയാവുകയും കമ്പനിയില്‍ നിന്നുള്ള മാലിന്യം കിണറുകളിലെ വെള്ളത്തെ മലിനമാക്കുകയും ചെയ്യും. രാസമാലിന്യം ഉണ്ടാക്കുന്ന കമ്പനി പൊതു ജനാരോഗ്യത്തിനും വന്‍ ഭീഷണിയാണ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുവന്ന പട്ടികയില്‍ പെടുത്തിയ ബാറ്ററി നിര്‍മ്മാണ ശാല പ്രദേശത്ത് സ്ഥാപിക്കുന്നതിലൂടെ ഈയവും, സള്‍ഫ്യൂരിക്കാസിഡും മണ്ണിലേക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലം മലിനപ്പെടുകയും ഫാക്ടറി പുകയില്‍ അടങ്ങിയ ലെഡ് അന്തരീക്ഷത്തിലും പിന്നീട് മണ്ണിലും കലര്‍ന്ന്് പ്രദേശമാകെ മലിനമാക്കുകയാണ് ചെയ്യുന്നത്. സമരം 1000 ദിവസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറ് മണിക്ക് മുചുകുന്ന് കോളേജ് വെച്ച് സാംസ്‌ക്കാരിക സംഗമം നടത്തും. സംഗമം പ്രശസ്ത കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും.