മൂന്ന് മാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ താഴെവീഴും, അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും: സദാനന്ദ ഗൗഡ

May 22, 2018 0 By Editor

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. അതിനിടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്സും ജെഡിഎസും.

‘ജെഡിഎസിനും കോണ്‍ഗ്രസ്സിനുമിടയില്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങി. അവര്‍ പരസ്പരം പോരടിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ താഴെവീഴും. അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും’, സദാനന്ദ ഗൗഡ പറഞ്ഞു. ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തത്കാലം ഒന്നിനുമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറയുന്നു.

വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട്. പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന കണക്കുകൂട്ടലുണ്ട്. ആദ്യ ചുവട് പാളി. കുമാരസ്വാമി മുഖ്യമന്ത്രിയാവുകയാണ്. ബുധനാഴ്ചയാണ് അധികാരമേല്‍ക്കല്‍, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പും.

ജയനഗര്‍, ആര്‍ആര്‍ നഗര്‍ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നേതൃത്വം. അനന്ത് കുമാറിനും സദാനാന്ദ ഗൗഡയ്ക്കും ചുമതല നല്‍കിക്കഴിഞ്ഞു. സഭയില്‍ അംഗസംഖ്യ കൂട്ടിയാല്‍ മാത്രമേ ഇനി വിശ്വാസം ജയിക്കാന്‍ വഴിയുള്ളൂ. അതേസമയം, ബിജെപി വെറുതെയിരിക്കില്ലെന്ന് കോണ്‍ഗ്രസ്സ്‌ജെഡിഎസ് ക്യാമ്പിന് നല്ല ബോധ്യമുണ്ട്.