മുക്കത്ത് നഗരസഭാ ചെയര്‍മാനെ ബസിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

മുക്കത്ത് നഗരസഭാ ചെയര്‍മാനെ ബസിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

July 25, 2018 0 By Editor

മുക്കം: മുക്കം ബസ്സ്റ്റാന്‍ഡില്‍ ജീവനക്കാരുടെ ഗുണ്ടായിസം നഗരസഭാ ചെയര്‍മാനുനേരെയും. ഇന്നലെ മുക്കം ബസ്സ്റ്റാന്‍ഡില്‍ ചെയര്‍മാന്‍ വി. കുഞ്ഞനെ അപായപ്പെടുത്തുന്ന രീതിയില്‍ ബസ് മുന്നോട്ടെടുത്ത ഡെക്കാന്‍ ബസ് ജീവനക്കാരെയും ബസും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

വണ്‍വേ സംവിധാനം തെറ്റിച്ച് അമിത വേഗത്തില്‍ മുക്കം ബസ്സ്റ്റാന്‍ഡില്‍ എത്തിയ ഡെക്കാന്‍ ബസ് ജീവനക്കാരെ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍മുക്കം വിജയന്‍, സെക്രട്ടറി എന്‍.കെ. ഹരീഷ് എന്നിവര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ബസ് ജീവനക്കാരിലൊരാള്‍ ചെയര്‍മാനെ തള്ളുകയും ഈ സമയം ഡ്രൈവര്‍ ചെയര്‍മാന്റെ നേരെ ബസ് എടുക്കുകയുമായിരുന്നു. പെട്ടന്ന് മാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

മറ്റൊരു ബസ് ജീവനക്കാരുമായി സ്റ്റാന്‍ഡില്‍ കൈയാങ്കളി നടത്തിയ ശേഷമാണ് സമയം വൈകിയെന്ന് പറഞ്ഞ് ചെയര്‍മാന്‍ നേരെ വണ്ടിയെടുത്തത്. സംഭവം വിവാദമായതോടെ മുക്കം അഡീഷണല്‍ എസ്‌ഐ ഇ.ടി. ഹമീദിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ജീവനക്കാരെയും ബസും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടത് നേരിയ സംഘര്‍ത്തിനും കാരണമായി.