മുഖ്യമന്ത്രി പൊതുജനങ്ങളെ വിഢികളാക്കുകയായിരുന്നു: രമേശ് ചെന്നിത്തല

June 16, 2018 0 By Editor

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് പണിയെടുപ്പിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളേവേഴ്‌സിനെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്‍ച് 21 ന് മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു. സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തയിലൂടെ വ്യക്തമാകുന്നത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്യാമ്പ് ഫോളോവേഴ്‌സ് എന്നപേരില്‍ ജോലിക്കെടുത്ത ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വസതികളില്‍ അടിമപണി ചെയ്യിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ഇവരെ കൊണ്ട് വീട്ടുപണികളും വസ്ത്രം അലക്കിപ്പിക്കുക മുതല്‍ മേസ്തരിപ്പണിയും വളര്‍ത്തുപട്ടിയെ കുളിപ്പിക്കുന്നത് വരെ ചെയ്യിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. സ്ത്രീകളടക്കമുള്ള ക്യാമ്പ് ഫോളോവേഴ്‌സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യിപ്പിക്കുകയും പ്രതികരിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണിയും പതിവാണ്. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ഇവരെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്‍ച് 21 ന് മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു. സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തയിലൂടെ വ്യക്തമാകുന്നത്. അവകാശ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ക്യാമ്പ് ഫോളോവേഴ്‌സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണം