മുത്വലാഖ്: മൂന്നു തലാക്കും ഒപ്പംചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് കുറ്റകൃത്യമാകും

May 3, 2018 0 By Editor

ന്യൂഡല്‍ഹി: മുത്വലാഖ് നിരോധന നിയമം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. മുസ്ലിം സ്ത്രീകളുടെ വിവാഹ ബന്ധത്തിലെ അവകാശം സംബന്ധിച്ചുള്ള കരട് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക.

മൂന്നു തലാഖും ഒരേ സമയം ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന നടപടി കുറ്റകൃത്യമായി പരിഗണിക്കുന്നതിനുള്ള നിയമമാണ് കേന്ദ്രം ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുക. ഇതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തില്‍ തത്വത്തില്‍ ധാരണയായി. മുസ്ലിം സ്ത്രീകളുടെ വിവാഹബന്ധത്തിലെ അവകാശം സംബന്ധിച്ച് കരട് നിയമത്തിന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മൂന്നു തലാക്കും ഒന്നിച്ച് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്നത് കുറ്റകൃത്യമായി മാറും. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമായാണ് കരട് നിയമത്തില്‍ മുത്വലാഖ് നിര്‍വചിച്ചിരിക്കുന്നത്. ശരിഅത് നിയമപ്രകാരം പോലും ഇത്തരത്തില്‍ മൂന്ന് തലാക്കും ഒന്നിച്ച് ചൊല്ലുന്നത് അംഗീകരിക്കുന്നില്ല. മുത്വലാഖ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടായി. വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ വഴി പോലും മുത്തലാക്ക് ചൊല്ലുന്ന സന്ദര്‍ഭമുണ്ടായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണവുമായി മുന്നോട്ട് പോയത്.