നാദാപുരത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ പിടികൂടി

July 25, 2018 0 By Editor

നാദാപുരം: നാദാപുരത്തെ വെള്ളിച്ചെണ്ണ മൊത്ത വിതരണ കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കലര്‍ന്ന 390 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി.

സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ നിരോധനമേര്‍പ്പെടുത്തിയ വെല്‍ക്കം കുറ്റ്യാടിയെന്ന ബ്രാന്‍ഡ് വെള്ളിച്ചെണ്ണയാണ് നാദാപുരത്തെ ഗ്ലയിസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഏജന്‍സിയെന്ന സ്ഥാപനത്തില്‍ നിന്ന് പിടികൂടിയത്. കലാവധി കഴിഞ്ഞതും മായം കലര്‍ന്നതിനാല്‍ സര്‍ക്കാര്‍ നിരോധിച്ചതുമായ ബ്രാന്‍ഡ് വെള്ളിച്ചണ്ണയാണ് 390 ലിറ്ററെന്ന് പരിശോധയില്‍ വ്യക്തമായതിനാല്‍ പിടിച്ചെടുത്തവ നശിപ്പിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പറഞ്ഞു. മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്തിയതിനാല്‍ ഗോഡൗണില്‍ സൂക്ഷിച്ച 1700 ലിറ്റര്‍ വെളിച്ചെണ്ണയുടെ വില്‍പ്പന ഭക്ഷ്യ സുരക്ഷാ വിഭാഗം തടഞ്ഞു.

സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.വെളിച്ചെണ്ണ സൂക്ഷിച്ച ഗോഡൗണ്‍ അടച്ച് പൂട്ടി സീല്‍ ചെയ്തു. ഭക്ഷ്യ സുരക്ഷാ വിഭാഗം നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ സുജന്‍, ജിതിന്‍ രാജ്, ഫെബിന മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനടത്തിയത്.