നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്കായി ‘ഷി ഷെല്‍ട്ടര്‍’ പദ്ധതി ഒരുങ്ങി കഴിഞ്ഞു

August 21, 2018 0 By Editor

കണ്ണൂര്‍: അസമയത്തു നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ ‘ഷി ഷെല്‍ട്ടര്‍’ പദ്ധതി തയാറായി. ഇവര്‍ക്കു താമസിക്കാന്‍ ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ശീതീകരിച്ച മുറി ഒരുങ്ങുന്നു. അടുത്ത മാസം ഉദ്ഘാടനം ചെയ്യും. ഒരു രാത്രി മുഴുവന്‍ ഇവിടെ കഴിയാം. പ്രത്യേക സാഹചര്യത്തില്‍ മൂന്നു ദിവസം വരെ താമസിക്കാന്‍ അനുവദിക്കും. വാടകയിനത്തില്‍ നാമമാത്ര തുക മാത്രമേ ഇവരില്‍ നിന്ന് ഈടാക്കുകയുള്ളു.

ഒരേ സമയം എട്ടു പേര്‍ക്കു താമസിക്കാനുള്ള സൗകര്യമുണ്ട്. തൊട്ടടുത്ത് കുടുംബശ്രീയുടെ ഹോട്ടലുമുണ്ട്. വനിത പൊലീസ് സ്റ്റേഷനും ടൗണ്‍ പൊലീസ് സ്റ്റേഷനും തൊട്ടടുത്തു തന്നെ ഉള്ളതിനാല്‍ സുരക്ഷയെക്കുറിച്ച് ആശങ്കയും വേണ്ട. പെണ്‍മക്കളുമായി എത്തപ്പെടുന്ന അമ്മമാരും ആശങ്കപ്പെടേണ്ട. പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കു പക്ഷേ പ്രവേശനമില്ല. 20 ലക്ഷം രൂപയാണു ജില്ലാ പഞ്ചായത്ത് പദ്ധതിക്കു ചെലവിടുന്നത്.

‘ഒരു സേവനം എന്ന നിലയിലാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്. ഏതു സമയവും ഇവിടെ പ്രവേശനമുണ്ട്. കുടുബശ്രീയുടെ മേല്‍നോട്ടത്തിലാണു പ്രവര്‍ത്തിക്കുക. വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന യുവതികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ വീടിന്റെ സുരക്ഷിതത്വം ഒരുക്കുകയാണു ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.’-കെ.വി.സുമേഷ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്).