നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രിയത ഇടിഞ്ഞു: അശോക് ഗെഹലോട്ട്

September 18, 2018 0 By Editor

ജയ്പൂര്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രിയത ഇടിഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും രാജ്യം ഇന്ന് ഭരിക്കുന്നത് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും നരേന്ദ്ര മോദിയും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ജയ്പൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കും അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി മോദിയുടെ പേര് പ്രചാരണങ്ങളിലും മറ്റും അമിത് ഷാ ഉപയോഗിക്കുന്നതെന്ന്‌ ഗെഹ്‌ലോട്ട് വ്യക്തമാക്കി.

വസുന്ധര രാജെയുടെ പേരുപയോഗിച്ചു വോട്ടു തേടുന്നതു പരാജയം മാത്രമേ കൊണ്ടുവരുകയുള്ളൂവെന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ മോദിയുടെ പേരു പറഞ്ഞു വോട്ടു നേടാനാകുമായിരുന്ന സമയം കഴിഞ്ഞു. മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു. അമിത് ഷായും വസുന്ധര രാജെയും പറയുന്നത് നുണകളാണെന്ന് ജനത്തിന് ഇപ്പോള്‍ അറിയാമെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.