നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

June 26, 2018 0 By Editor

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നെല്‍വയല്‍ നീര്‍ത്തട സംഹാര നിയമാണു പാസാക്കുന്നതെന്ന് ആരോപിച്ചു ബില്‍ കീറിയെറിഞ്ഞു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുകയാണെന്നും പറഞ്ഞു.

സമൂഹത്തിനു വേണ്ടതാണു നടപ്പാക്കുന്നതെന്നും അതു പ്രതിപക്ഷം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമനിര്‍മാണം സുപ്രീംകോടതി വിധിക്കെതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കറുത്ത ദിനമെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിനെ നിയമസഭയില്‍ എതിര്‍ത്ത് ചര്‍ച്ചയില്‍ ഉടനീളം പ്രതിപക്ഷം രംഗത്തെത്തി. പിഴ ഈടാക്കി നിലം നികത്താന്‍ അനുവദിക്കുന്നതു ഭരണഘടനാവിരുദ്ധമെന്നു വി.ഡി.സതീശന്‍ പറഞ്ഞു. കോടതിയിലെ കേസുകള്‍കൂടി പരിഗണിച്ചുവേണം ഭേദഗതിയെന്നു വി.ടി ബല്‍റാം ആവശ്യപ്പെട്ടു.

എന്നാല്‍ രണ്ടുവാദങ്ങളും നിലനില്‍ക്കില്ലെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. ന്യായവിലയുടെ 50 ശതമാനം പിഴയായിട്ടല്ല, ഫീസായിട്ടാണ് ഈടാക്കുന്നതെന്നും ഇതു ഭരണഘടനാവിരുദ്ധമല്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രതിഷേധത്തിനിടയില്‍ ബില്‍ പാസാക്കുകയും ചെയ്തു. 1967ലെ ഭൂവിനിയോഗ നിയമം വരുന്നതിനു മുമ്പു നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്താനാണു സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. 2018ലെ നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി നിയമത്തിലാണു മാറ്റം ഉള്‍പ്പെടുത്തുക.