നിപ; വീണ്ടും ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

November 29, 2018 0 By Editor

തിരുവനന്തപുരം: നിപയില്‍ സംസ്ഥാനത്ത് വീണ്ടും ജാഗ്രത നിര്‍ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിപ്പ വൈറസ് പടരാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. മുന്നറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പൊതുജനങ്ങള്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇവ കഴുകി വൃത്തിയാക്കിയ ശേഷമെ ഉപയോഗിക്കാവു. തുറസായ സ്ഥലങ്ങളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത വേണം.

ചുമ ഉള്‍പ്പടെയുള്ള നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേക മേഖലകള്‍ തന്നെ ആശുപത്രിയില്‍ സജ്ജമാക്കണമെന്നും ആരോഗ്യവകുപ്പന്റെ മുന്നറിയിപ്പില്‍ പറയുന്നു. ചുമയുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശ പ്രകാരം സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്തെ നടുക്കി കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട് നിപ്പ വൈറസ് പടര്‍ന്ന് പിടിച്ചത്. 18ഓളം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.