നിപാ വൈറസ്: ആസ്‌ട്രേലിയയില്‍ നിന്ന് മരുന്ന് ഉടന്‍ എത്തിക്കും

May 29, 2018 0 By Editor

കോഴിക്കോട്: നിപാ വൈറസിനെതിരെ ആസ്‌ട്രേലിയയില്‍നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഈ മരുന്ന് ആദ്യഘട്ടത്തില്‍ പ്രയോഗിച്ച 14 പേരില്‍ വിജയസാധ്യതയാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. നിപ്പാവൈറസ് ബാധിക്കുന്നത് പഴം തീനി വവ്വാലുകളില്‍ നിന്നാണ്. ഡിസംബര്‍ മെയ് മാസങ്ങളില്‍ ഈ വവ്വാലുകളില്‍ ചിലതില്‍ നിന്ന് ഉയര്‍ന്ന അളവില്‍ വൈറസ്, ഉല്‍സര്‍ജിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ ഇത് വ്യക്തമാവുകയില്ല. പേരാമ്പ്രയില്‍ ഉണ്ടായ നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നടപടികള്‍ തുടരുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ് വൈറസ് പനി ബാധിച്ച് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഉന്നതതല അവലോകന യോഗം നടത്തി. കോഴിക്കോട് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, സിറ്റി പോലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ്‌കമാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബിഗം, കോഴിക്കോട് ഡി.എം.ഒ ഡോ. വി ജയശ്രീ, മലപ്പുറം ഡി എം ഒ ഡോ കെ സക്കീന, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജേന്ദ്രന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട ഡോ സജിത്, ടാസ്‌ക് ഫോഴ്‌സ അംഗങ്ങള്‍, വിദഗ്ധ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാകലക്ടറും വിശദീകരിച്ചു. നിലവിലുളള രോഗികളുടെയും മരിച്ചവരുടെയും കോണ്‍ടാക്ട് പട്ടിക ശക്തമാക്കാനും നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം വരികയാണെങ്കില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ച് സജ്ജമായിരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. നിപാവൈറസ് ബാധക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ നടത്തിയ സേവനങ്ങളെ യോഗത്തില്‍ സംസാരിച്ചവര്‍ പ്രശംസിച്ചു.