നിപ്പ വൈറസ്: മൃഗങ്ങളില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല, മനുഷ്യരില്‍ മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് അന്വേഷണ സംഘം

നിപ്പ വൈറസ്: മൃഗങ്ങളില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല, മനുഷ്യരില്‍ മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് അന്വേഷണ സംഘം

May 22, 2018 0 By Editor

കോഴിക്കോട് : നിപ്പ വൈറസ് ബാധ കണ്ടെത്തിയ പ്രദേശത്തെ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര അനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ്. ദേശാടന പക്ഷികള്‍ വഴി രോഗം പടരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ മനുഷ്യരില്‍ മാത്രമേ രോഗം കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

പകര്‍ച്ചപ്പനി കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. വളര്‍ത്തുമൃഗങ്ങളില്‍ രോഗബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ. രാജു അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ പനിബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെറ്ററിനറി സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധരോടും ഇതേക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന, ജില്ലാ തലങ്ങളില്‍ രോഗവ്യാപനം തടയാന്‍ നിരീക്ഷണസമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും രൂപവത്കരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപ വൈറസ് പനി) ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471 2732151.

രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണയത്തിന്റെ പ്രാഥമികപരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപാലിലെ ലാബിലേക്ക് അയയ്ക്കുവാനൊരുങ്ങുകയാണ് സര്‍ക്കാര്‍