നിപ വൈറസിന് കാരണം പഴംതീനി വവ്വാലുകള്‍: പേരാമ്പ്രയില്‍ നിന്ന് പിടികൂടിയതില്‍ വൈറസ് കണ്ടെത്തി

July 3, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നിപ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.

ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലെന്നും പ്രാണികളെയും ചെറുജീവികളെയും തിന്നുന്നവയായിരുന്നെന്നും അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയതെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും പ്രതികരണം നടത്തിയിട്ടുണ്ട്. പേരാമ്പ്ര മേഖലയില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് നഡ്ഡ പറഞ്ഞിരിക്കുന്നത്.