നിപാ വൈറസിന് മരുന്നുണ്ടെന്ന് വ്യാജ പ്രചരണം: നിലവില്‍ മരുന്നില്ലെന്നും പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കയിലെ മലയാളി ഡോക്ടര്‍

May 22, 2018 0 By Editor

തൃശ്ശൂര്‍: ദിവസങ്ങളായി കേരളത്തെ ഒന്നടങ്കം ഭീതിയിലാഴിത്തിയിരിക്കുകയാണ് നിപ്പാ വൈറസ്. ദിവസങ്ങള്‍ക്കുള്ളില്‍ 12 പേര്‍ക്കാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഇതിനകം രോഗികളെ ശ്രുശൂഷിച്ച നഴ്‌സടക്കം 10 പേര്‍ മരണത്തിന് കീഴടങ്ങി, രണ്ട് പേര്‍ ഗുരുതരാവസ്ഥയിലുമാണ്.

അതേസമയം, നിപ്പാ വൈറസ് ബാധയുള്ളവരെ ഏതു തരത്തില്‍ പ്രതിരോധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിപ്പാ വൈറസിന് പ്രതിരോധമരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് അമേരിക്കയിലെ മലയാളി ഡോക്ടര്‍ ഷമീര്‍ ഖാദര്‍. അതേസമയം, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ‘നിപ്പാ വൈറസിന് മരുന്നുണ്ടെന്ന വാദവുമായി മലയാളി ഡോക്ടര്‍ എന്നു പറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

‘ഞങ്ങളുടെ പക്കല്‍ എഫ്ഡിഎ അംഗീകരിച്ച നിപ്പാ വൈറസ് പ്രതിരോധ ചികിത്സ ഉണ്ട്. നിപ്പാ വൈറസ് ബാധയുള്ള കേരളത്തിലെ പേരാമ്ബ്ര ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ആണ് ഞാന്‍ തേടുന്നത്. ആ മേഖലയില്‍ ഉള്ളവരോ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം പറയുന്നു.’ എന്നു പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അമേരിക്കയിലെ മൗണ്ട്‌സിനായി ഇസാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ജനോമിക്‌സ് ആന്‍ഡ് മള്‍ട്ടി സ്‌കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയാ ഡോ. ഷമീര്‍ ഖാദര്‍.
ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതുവരെ നിപാ വൈറസിനെതിരെ വാക്‌സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല, എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുകയാണെന്ന് ഡോ. ഷമീര്‍ പറയുന്നു.

ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്പ്രയിലെ ഡോക്ടര്‍മാരെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിനെയും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത കുറിപ്പാണ് തെറ്റിദ്ധാരണ പടര്‍ത്തിയത്.