നോക്കി നില്‍ക്കേണ്ട! സംസ്ഥാനത്ത് നോക്കുകൂലി നിര്‍ത്തലാക്കി

May 1, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം ഉണ്ടാകില്ല. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. നോക്കുകൂലി ഒഴിവാക്കാന്‍ കേരളചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്. ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട് പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ഇതുപ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാം. കയറ്റിറക്ക് കൂലി അതത് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം. പട്ടികയില്‍പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം.

കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെ വാങ്ങി നല്‍കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദേശം ഉണ്ട്. നോക്കുകൂലി സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുകയും വ്യവസായ അനുകൂല അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്ന വിലയിരുത്തലും ഉത്തരവിന് പിന്നിലുണ്ട്.

ഇന്നു മുതല്‍ നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കും. അമിതകൂലി ഈടാക്കിയാല്‍ തൊഴില്‍വകുപ്പിന് പരാതി നല്‍കാം. പരാതി പരിശോധിച്ച് അമിതമായി വാങ്ങിയ തുക തിരികെ വാങ്ങി നല്‍കും. ചെയ്യാത്ത ജോലിക്ക് കൂലി വേണ്ടെന്നാണ് എല്ലാ തൊഴിലാളി സംഘടനകളുടെയും അഭിപ്രായം. നോക്കുകൂലി പ്രശ്‌നം പരിഹരിക്കാന്‍ 11 ജില്ലകളില്‍ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്. അമിതകൂലി ഈടാക്കിയാല്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കും. തൊഴിലുടമയെ അധിക്ഷേപിച്ചാല്‍ പരാതി പോലീസിന് കൈമാറും. അസി ലേബര്‍ ഓഫീസര്‍ ഇടപെട്ട് അമിതകൂലി തിരികെ വാങ്ങി നല്‍കും.