നൂറു കോടി രൂപ ചെലവില്‍ താനൂര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

June 8, 2018 0 By Editor

താനൂര്‍: നൂറു കോടി രൂപ ചെലവില്‍ താനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി പ്രവൃത്തി പുരോഗമിക്കുന്നു. പദ്ധതിയുടെ പ്രധാന ടാങ്കും ജലശുദ്ധീകര യൂണിറ്റും നിര്‍മിക്കുന്നത് ചെറിയമുണ്ടത്താണ്. താനൂര്‍ നഗരസഭയും താനാളൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ഒഴൂര്‍, ചെറിയമുണ്ടം എന്നി പഞ്ചായത്തുകളുമടങ്ങിയ താനൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാല് ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിവെള്ള പദ്ധതി. വി. അബ്ദുറഹിമാന്‍ എംഎല്‍എ സര്‍ക്കാരിനു സമര്‍പ്പിച്ച ആദ്യപദ്ധതിയാണ് താനൂര്‍ കുടിവെള്ള പദ്ധതി. കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

തൃപ്രങ്ങോട് കോളനി കടവിലെ ഭാരതപ്പുഴയില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഭാരതപ്പുഴയില്‍ നിന്നു തുടങ്ങുന്ന പൈപ്പിടല്‍ വെങ്ങാലൂരില്‍ റെയില്‍പാളം മുറിച്ചു കടന്നാണ് ചെറിയമുണ്ടത്ത് എത്തിച്ചേരുന്നത്. 96 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കും ദിനംപ്രതി 45 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുതകുന്ന യൂണിറ്റുമാണ് ചെറിയമുണ്ടത്ത് സ്ഥാപിക്കുന്നത്. രണ്ടരലക്ഷം ജനങ്ങള്‍ക്കാണ് നിലവില്‍ കുടിവെള്ളമെത്തിക്കാനുള്ളത്.

ഭാവിയില്‍ ഇതു മൂന്നര ലക്ഷം വരെയാകുമെന്ന നിഗമനത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമാകാറുള്ള തീരദേശ മേഖലയിലും മറ്റു പഞ്ചായത്തുകളിലും വേനല്‍ക്കാലത്തും ജലലഭ്യത ഉറപ്പു വരുത്താനാണ് നൂറു കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്.

ചെറിയമുണ്ടം പഞ്ചായത്താണ് പദ്ധതിക്ക് വേണ്ടിയുള്ള ഒന്നര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ രണ്ടാംഘട്ടത്തിലെ വിതരണ ശൃംഖലയും പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്.