നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയം; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ്

September 8, 2018 0 By Editor

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനം, തൊഴില്‍ എന്നീ വിഷയങ്ങളിലാണ് മന്‍മോഹന്‍ സിങ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയമായിരുന്നു. കാര്യമായ ആലോചനയില്ലാതെയാണ് ഇവ നടപ്പാക്കിയത്. സംരംഭക മേഖലക്ക് ഇത് കാര്യമായ തകര്‍ച്ചയുണ്ടാക്കി. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സാഹചര്യം ബി.ജെ.പി സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ ‘ഷെയ്ഡ്‌സ് ഓഫ് ട്രൂത്ത്’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് മന്‍മോഹന്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

യുവജനങ്ങള്‍ക്കായി രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നാല് വര്‍ഷമായിട്ടും ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ മോദി വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ക്കായി നിരാശരായി കാത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് ഇന്ത്യയുടെ വ്യാവസായിക മേഖലക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിനു ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ മോദിസര്‍ക്കാര്‍ പ്രത്യക്ഷമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സ്ത്രീകളും, ദളിതരും, ന്യൂനപക്ഷങ്ങളും അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യമൂല്യങ്ങളെ ക്ഷയിപ്പിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ബദല്‍ ഉയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗത്തെ ശരിയായി അഭിസംബോധന ചെയ്യാന് മോദി സര്ക്കാകര് പരാജയപ്പെട്ടെന്നും മന്മോെഹന് സിംഗ് കുറ്റപ്പെടുത്തി. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ചടങ്ങിലുണ്ടായിരുന്നു.