ഓടു പൊളിച്ചും പൂട്ടു തകര്‍ത്തുമുള്ള മോഷണക്കാലം കഴിഞ്ഞു: കേരളം വാഴുന്നത് അന്യസംസ്ഥാന പ്രൊഫഷണല്‍ കള്ളന്മാര്‍

ഓടു പൊളിച്ചും പൂട്ടു തകര്‍ത്തുമുള്ള മോഷണക്കാലം കഴിഞ്ഞു: കേരളം വാഴുന്നത് അന്യസംസ്ഥാന പ്രൊഫഷണല്‍ കള്ളന്മാര്‍

September 7, 2018 0 By Editor

കണ്ണൂര്‍: ഓടു പൊളിച്ചും പൂട്ടു തകര്‍ത്തും മോഷണം നടത്തുന്ന ലോക്കല്‍ കള്ളന്‍മാരുടെ കാലം കഴിഞ്ഞു. പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാര്‍ കേരളത്തില്‍ സജീവമാകുന്നുവെന്നാണു പുതിയ സൂചനകള്‍. കൂടുതല്‍ ക്രൂരന്മാരായ സംഘങ്ങള്‍ വീട്ടുകാരെ കൊലപ്പെടുത്താനും മടിക്കാറില്ല. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളന്‍മാരെ വെല്ലുന്ന ക്രൂരന്മാരായ കള്ളന്‍മാരാണ് ഇന്ന് കേരളത്തില്‍ ഉളളത്. ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവര്‍.

ബംഗ്ലദേശില്‍നിന്നു പോലും സംഘമായി കേരളത്തിലെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന കുപ്രസിദ്ധ സംഘങ്ങളുണ്ട്. വലിയ സംഘം ഒരുമിച്ചെത്തി ചെറിയ സംഘങ്ങളായി തിരിഞ്ഞ് ഓരോ ഭാഗത്തുമായി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. കണ്ണൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയുധങ്ങളുമായി നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ വന്‍ കൊളളയില്‍ നടുങ്ങിയിരിക്കുകയാണു സംസ്ഥാനം. വീട്ടുകാരെ കെട്ടിയിട്ടു മര്‍ദിച്ചു കവര്‍ന്നത് 30 പവനും 15,000 രൂപയും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്‌സ് സാധനങ്ങളും. പുലര്‍ച്ചെ രണ്ടു മണിയോടെ മുന്‍വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് കണ്ണൂര്‍ സൗത്ത് റെയില്‍വേ ഗേറ്റിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ഞെട്ടിയെഴുന്നേറ്റത്. കിടപ്പുമുറിയുടെ വാതിലില്‍ മുട്ടുകേട്ടു തുറന്നപ്പോള്‍ മുഖംമൂടിധരിച്ച നാലു പേര്‍ മുറിയിലേക്ക് ഇരച്ചെത്തി. ആരാണെന്നു ചോദിക്കും മുന്‍പു മുഖമടച്ച് ആദ്യ അടി. പിന്നെ ക്രൂരമര്‍ദനം. രണ്ടു പേരുടെയും കണ്ണു കെട്ടി വായില്‍ തുണിതിരുകി കിടപ്പുമുറിയിലെ കട്ടിലിനോടു ചേര്‍ത്തു കെട്ടിയിട്ടു. രണ്ടു മണിക്കൂര്‍ വീട്ടിനുള്ളില്‍ അഴിഞ്ഞാടിയ നാലംഗ സംഘം വന്‍ കൊള്ള നടത്തിയാണു മടങ്ങിയത്.

അകത്തു കയറിയ സംഘം രണ്ടു മണിക്കൂര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടിലെ എല്ലാമുറിയും കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. കിട്ടാവുന്നതെല്ലാം കൈക്കലാക്കിയതിനു പുറമേ വീട്ടിലുണ്ടായിരുന്ന പഴം കൂടി കഴിച്ചാണു സംഘം മടങ്ങിയത്. ആക്രമണത്തിലും തിരിച്ചു പോക്കിലും സംശയമില്ലാത്തവിധം കൃത്യമായ നീക്കങ്ങള്‍. പോകാന്‍ നേരം വിനോദ് ചന്ദ്രന്റെ കഴുത്തിനു വീണ്ടും മര്‍ദിച്ചു. പുലര്‍ച്ചെ നാലു മണിയോടെ രണ്ടു മണിക്കൂര്‍ നീണ്ട കൊടും പീഡനങ്ങള്‍ക്കു ശേഷം വിനോദ് ചന്ദ്രന്‍ പണിപ്പെട്ടു സ്വന്തം കയ്യിലെ കെട്ടഴിച്ചു. പിന്നെ കാലിലെയും. ജീവന്‍ നഷ്ടപ്പെട്ടില്ല എന്ന സമാധാനം മാത്രം. ഉടന്‍ സഹപ്രവര്‍ത്തകരെ വിളിച്ചു വിവരമറിയിച്ചു. സിറ്റി പൊലീസ് വീട്ടിലെത്തിയപ്പോഴാണു കവര്‍ച്ച പുറംലോകമറിയുന്നത്. വീടിന്റെ സുരക്ഷയില്‍ സമാധാനിച്ചു കഴിയുന്നവരെ നടുക്കുന്നതാണു വെളുപ്പിനുണ്ടായ വന്‍ കവര്‍ച്ച. കൊള്ളയ്ക്കിടയില്‍ അക്രമികളുടെ മര്‍ദനമേറ്റ വിനോദ് ചന്ദ്രനും ഭാര്യ സരിതയും ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു.

വിനോദ് ചന്ദ്രനും ഭാര്യ സരിതയും തനിച്ചാണു താമസമെന്നു മനസ്സിലാക്കിയതു പോലെ തീര്‍ത്തും പ്രഫഷനലായിരുന്നു കവര്‍ച്ച. വീട്ടുമുറ്റത്തെ മതിലിനോടു ചേര്‍ന്നു കിട്ടിയ ചുവപ്പ്, ഇളംനീല നിറങ്ങളില്‍ രണ്ടു തൊപ്പികള്‍, വീട്ടിനകത്തു നിന്നു ലഭിച്ച ലൈറ്റര്‍, മുന്‍വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മരത്തടി എന്നിവയാണ് കവര്‍ച്ചക്കാര്‍ അവശേഷിപ്പിച്ചു പോയ തെളിവുകള്‍. കവര്‍ച്ച നടന്നതായി സംശയിക്കുന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്ന പൊലീസ് വാഹനത്തിന്റെ ക്യാമറയില്‍ പതിഞ്ഞ നീല ഇന്‍ഡിക്ക കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. ഈ കാര്‍ പല തവണ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരെ കെട്ടിയിടാന്‍ ഉപയോഗിച്ച തുണിയുടെ മണം പിടിച്ചു പൊലീസ് നായ താഴെചൊവ്വ റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാത വരെ വന്നു നില്‍ക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തു നിന്നു തെളിവുകള്‍ ശേഖരിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.

തീര്‍ത്തും പ്രാദേശികമായ ഹിന്ദി ഭാഷയിലാണ് കവര്‍ച്ചക്കാര്‍ സംസാരിച്ചിരുന്നതെന്ന് ആക്രമിക്കപ്പെട്ട കുടുംബം പൊലീസിനു മൊഴി നല്‍കി. മര്‍ദിക്കുന്നതിനിടയില്‍ ‘വേര്‍ ഈസ് ഗോള്‍ഡ്, വേര്‍ ഈസ് മണി’ എന്നു ചോദിച്ചതായും കവര്‍ച്ചയ്ക്കു ശേഷം പുറത്തേക്കു നോക്കി ജല്‍ദി, ജല്‍ദി ഗാഡി ആവോ (വേഗം, വേഗം, വണ്ടി കൊണ്ടു വാ) എന്നും സരിതയുടെ കമ്മല്‍ ഊരിയെടുക്കുന്ന വേളയില്‍ ‘കൂള്‍ ഡൗണ്‍’ എന്നും പറഞ്ഞതായാണു മൊഴി. ഇവരുടെ കവര്‍ച്ചാ രീതി ഉത്തരേന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ മോഷണസംഘങ്ങളുടെ രീതിയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ കൈവശം നീളമുള്ള കത്തിയും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു.