ഓപ്പറേഷന്‍ സാഗര്‍ റാണി: തമിഴ്‌നാട്ടില്‍ നിന്നുള്ള ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ സാഗര്‍ റാണി: തമിഴ്‌നാട്ടില്‍ നിന്നുള്ള ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തു

June 26, 2018 0 By Editor

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നതിന് വേണ്ടി കൊണ്ടു വന്ന ഒന്‍പതര ടണ്‍ മീനാണ് കഴിഞ്ഞ ദിവസം രാത്രി പിടിച്ചെടുത്തത്. പരിശോധനയില്‍ ഫോര്‍മാലിന്റെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കൂടിയ അളവില്‍ കണ്ടെത്തി. മീന്‍ കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാടും ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമായി സ്ഥാനത്തേക്കെത്തുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നതോദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രി കെകെ.ശൈലജ വിളിച്ചു.

ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിനൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കളിലെ മായവും കണ്ടെത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കും.