ഒറ്റപ്പെട്ട് വയനാട്: ഗതാഗതം പൂര്‍ണമായും നിലച്ചു

August 9, 2018 0 By Editor

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലായി. വയനാട് ജില്ലയിലേക്കുള്ള യാത്ര പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. താമരശേരി ചുരം, കുറ്റ്യാടി, പാല്‍ച്ചുരം എന്നിവടങ്ങളിലെല്ലാം മരങ്ങള്‍ കടപുഴകി വീണതും മണ്ണിടിഞ്ഞതുമാണ് ജില്ലയിലേക്കുള്ള യാത്രയ്ക്ക് പ്രധാന തടസം. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ വലിയതോതില്‍ നാശനഷ്ടവും സൃഷ്ടിച്ചിട്ടുണ്ട്. ആറിടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ ഭീതിയിലാണ്. വൈത്തിരി പോലീസ് സ്റ്റേഷന്‍ സമീപത്തെ ലക്ഷം വീട് കോളനിക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരിച്ചു. കോളനിയിലെ ജോര്‍ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ അനുമതിയില്ലാതെ ആസ്ഥാനം വിട്ടുപോകരുതെന്ന് കളക്ടര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

വയനാട് കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ക്ക് 04936 204151 എന്ന നന്പറില്‍ കണ്ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. 1077 എന്ന ടോള്‍ ഫ്രീ നന്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി (04936 220296), മാനന്തവാടി (04935 240231), വൈത്തിരി (04936 255229) എന്നിവിടങ്ങളില്‍ താലൂക്ക് കണ്ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

താമരശേരി ചുരത്തിലും മക്കിമലയിലും കാപ്പികളത്തും പാറത്തോടും കാവുംമന്ദം കന്പനിക്കുന്നിലും വൈത്തിരിയിലും തലപ്പുഴ പുതിയിടത്തും ഉരുള്‍പൊട്ടി. ഇവടങ്ങളില്‍ ആളപായമുണ്ടായിട്ടില്ല. എന്നാല്‍ കനത്ത തോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

റോഡിലേക്ക് വന്തോതില്‍ മണ്ണൊലിച്ച് എത്തിയതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ വൈത്തിരി പോലീസ് സ്റ്റേഷന്റെ മെസ് ഹൗസ് തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണുനിറഞ്ഞു കിടക്കുകയാണ്. ജില്ലയില്‍ നൂറിലധികം സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ലക്ഷംവീട് കോളനിയിലെ രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മണ്ണിടിച്ചില്‍ വ്യാപകമായതിനാല്‍ പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ട്. താമരശേരി ചുരത്തിലും ഗതാഗതം സ്തംഭിച്ച നിലയിലാണ്. ഉച്ചയ്ക്ക് ശേഷമേ ജില്ലയിലേക്കുള്ള യാത്ര സാധ്യമാകൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പലയിടത്തും വൈദ്യുതി ബന്ധവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും താറുമാറായി. വയനാട്ടിലേക്ക് ഇന്നത്തെ പത്രങ്ങളും എത്തിയിട്ടില്ല.

കാവുംമന്ദത്തു കനത്ത ഒഴുക്കില്‍ കാര്‍ ഒലിച്ചു പോയി. വെള്ളമുണ്ടയില്‍ നിന്നും കല്‍പ്പറ്റക്ക് പുറപ്പെട്ട നാലംഗ സംഘം സഞ്ചരിച്ച കാറാണ് ഒലിച്ചുപോയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലും നിരവധി സ്ഥലങ്ങല്‍ വെള്ളത്തിനടിയിലാണ്. കണിയാരത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയും വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിയുകയും ചെയ്തു.

പുഴകളാല്‍ ചുറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍, മൊട്ടന്‍കുന്ന്, കൊളക്കി, മൊട്ടന്‍കുന്ന്, പൊയില്‍, പുതുശേരിക്കുന്ന്, വസ്തിക്കുന്ന്, ചുണ്ടങ്കോട്, ചെന്പന്നൂര്‍ തുടങ്ങിയ കോളനികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചേലാകുനിക്കുന്ന്, കുറുമണിയിലെ കാവാലക്കുന്ന്, വലിയക്കുന്ന്, പുതയേടത്ത് കുന്ന്, മാങ്ങോട്ട് കുന്ന് തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളംകയറി ഒറ്റപ്പെട്ടു.

കനത്ത മഴ തുടരുന്നതിനാല് പ്രഫഷണല് കോളജ് ഉള്‌പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.