പാലക്കാട്ട് മഴയ്ക്ക് ശമനമില്ല: ആശങ്കയോടെ ജനങ്ങള്‍

August 15, 2018 0 By Editor

പാലക്കാട്: ജനത്തെ ഭീതിയിലാക്കി പാലക്കാട്ട് മഴ തിമിര്‍ത്തുപെയ്യുന്നു. ചൊവാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങിയ മഴ ചൊവ്വാഴ്ച രാത്രി വരെയായിട്ടും നിന്നിട്ടില്ല. മഴ ശക്തമായതോടെ ജില്ലയിലെ മിക്ക ഡാമുകളും തുറന്നിരിക്കുകയാണ്. മലമ്ബുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കൂടിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് നിലവിലുളളതില്‍ നിന്ന് ആറു സെ.മീ ഉയര്‍ത്തി. ഇപ്പോള്‍ 54 സെ.മീറ്ററിലാണ് മലമ്ബുഴയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

മലമ്ബുഴ ഡാം ഷട്ടറിന്റെ ഉയരം ഇടയ്ക്കിടെ കൂട്ടിയതിനാല്‍ പാലക്കാട് നഗരവും പരിസരവും വെളളപ്പൊക്കത്തിലായി. കഴിഞ്ഞ ദിവസവും മലമ്ബുഴയില്‍ നിന്ന് അനിയന്ത്രിതമായി വെളളമെത്തിയതിനാല്‍ പാലക്കാട് നഗരം വെളളത്തില്‍ മുങ്ങിയിരുന്നു. മലമ്ബുഴയ്‌ക്കൊപ്പം ചൊവ്വാഴ്ച വാളയാര്‍ ഡാമും തുറന്നു.

മലമ്ബുഴയിലെയും വാളയാറിലെയും വെളളം കല്‍പ്പാത്തി പുഴയിലാണ് ചേരുന്നത്. ഇതും വെളളപ്പൊക്കത്തിന് കാരണമായി. കല്‍പ്പാത്തിപ്പുഴയിലൂടെ ഒഴകുന്ന വെളളം ഭാരതപ്പുഴയിലാണ് എത്തിചേരുക. കനത്തമഴയ്‌ക്കൊപ്പം ഡാമുകളും തുറന്നതോടെ ഭാരതപ്പുഴ ഇരുകരയും കവിഞ്ഞ് ഒഴുകുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി തിമിര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തിന് ശമനമില്ലാത്തത് ജനജീവിതവും വാഹനഗതാഗതവും ദുസ്സഹമായിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി ഉയരുകയായിരുന്നു. ബുധനാഴ്ച കനത്ത മഴ ലഭിച്ചതോടെ മലമ്ബുഴ അണക്കെട്ടിന്റെ ജലനിരപ്പുയര്‍ന്നതും വീടുകള്‍ ഒന്നരമീറ്റര്‍ തുറന്നതോടെ നഗരം വെള്ളക്കെട്ടിലുയര്‍ന്നതും കല്‍പാത്തി, പറളി പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകള്‍ വെള്ളത്തിലായി. കഴിഞ്ഞ വ്യാഴാഴ്ച വെള്ളത്തിലായ ജനവാസ മേഖലകള്‍ ഇനിയും കരകയറാനായിട്ടില്ല. ഇടക്കു ശമനമുണ്ടായിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചതാണ് വീണ്ടും ജനജീവിതം ദുസ്സഹമായത്. തിങ്കളാഴ്ച ഉച്ചവരെ ഇടവിട്ട് പെയ്തിരുന്ന മഴ വൈകുന്നേരത്തോടെ തിമിര്‍ത്തു പെയ്തതാണ് ജനവാസ മേഖലകളെ വീണ്ടും വെള്ളത്തിലാക്കിയത്. ശേഖരിപുരം, ഒലവക്കോട് ഭാഗത്തെ ഹൗസിംഗ് കോളിനിയിലെ വീടുകള്‍ പൂര്‍ണ്ണമായും വെള്ളക്കെട്ടിലാണിപ്പോള്‍. കഴിഞ്ഞാഴ്ച വെള്ളത്തിലായ വീടുകള്‍ ഒരുവിധം സാധാരണ ഗതിയിലേക്കു വരുമ്‌ബോഴാണ് വീണ്ടും തോരാ മഴയില്‍ ദുരിതം വിതക്കുന്നത്.

ചുണ്ണാമ്ബുത്തറ ശംഖുവാരത്തോട്, സുന്ദരം കോളനിയിലെ നിരവധി വീടുകള്‍ കഴിഞ്ഞ വ്യാഴാഴ്ചത്തെ ജലപ്രളയത്തില്‍ തകര്‍ന്നതോടെ പലരും ജീവിതം വഴി മുട്ടി നില്‍ക്കുന്ന സ്ഥിതിയിലാണ്. 11 ഓളം ദുരിതാശ്വാസ ക്യാംമ്ബുകളിലായി 1500 ഓളം പേരാണ് നഗരത്തിന്റെ നാനാഭാഗങ്ങളിലായി ദിവസങ്ങള്‍ തള്ളിനീക്കുന്നത്. തിങ്കളാഴ്ച മുതല്‍ കനത്ത മഴ വീണ്ടും കനത്തതോടെ നഗരം വീണ്ടും വെള്ളക്കെട്ടിലാണ് ഇന്നലെ രാവിലെ മുതല്‍ തിമിര്‍ത്തു പെയ്ത മഴയില്‍ ശകുന്തള ജംഗ്ഷന്‍, പട്ടിക്കര ബൈപാസ് പൂര്‍ണ്ണമായും വെള്ളക്കെട്ടിലായി. വ്യാപാര സ്ഥാപനങ്ങള്‍ വെള്ളം കയറിയതും വാഹനഗതാഗതം ദുഷ്‌കരമായതും ജനങ്ങളെ ദുരിതത്തിലാക്കി. ഓണം, പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വ്യാപാരം നടത്തുന്നവരെയൊക്കെ കനത്ത മഴ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിരവധി പേര്‍ കഴിയുന്നുണ്ടെങ്കിലും മഴ കനത്തത് രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതത്തിലാക്കുകയാണ്. ശംഖുവാരത്തോടെ ഭാഗത്തെ വീടുകള്‍ നേരാക്കാനുള്ള ശ്രമം വീണ്ടും മഴ കനത്തതോടെ പരാചയപ്പെടുന്ന സ്ഥിതിയാണ്. മഴകനത്തതോടെ പൂര്‍ണ്ണമായും തകര്‍ന്ന പാലക്കാട്, കോഴിക്കോട്, ദേശീയ പാതയിലും ഒലവക്കോട് കല്‍മണ്ഡപം പാതയിലും വാഹനയാത്ര ദുരിതമായിരിക്കുകയാണ്. നഗരത്തില്‍ മിക്കയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ റൂട്ടുമാറ്റിയാണ് സര്‍വ്വീസ് നടത്തുന്നത്. മേലാമുറി, മാര്‍ക്കറ്റ് റോഡും പട്ടിക്കര ബൈപാസും പൂര്‍ണ്ണമായും വെള്ളത്തിലാണ്. ഒലവക്കോട് ഐശ്വര്യ കോളനി, കല്‍മണ്ഡപം പ്രതിഭാ നഗര്‍, പുത്തൂര്‍ റോഡ് ഗാര്‍ഡന്‍ എന്നിവിടങ്ങളും മഴ കനത്തതോടെ വെള്ളത്തിലായിരിക്കുകയാണ്.