പല്ല് തേക്കാന്‍ അല്‍പം പേസ്റ്റ് മതി

June 7, 2018 0 By Editor

ബ്രഡിനു മേല്‍ ജാം തേക്കുന്നതുപോലെയാണ് പലരും പല്ല് തേക്കാന്‍ പേസ്റ്റ് എടുക്കുന്നത്. ഇത് ആരോഗ്യത്തിനു തികച്ചും ഹാനീകാരം. ബ്രഷ് നിറയെ പേസ്റ്റെടുത്ത് പതപ്പിച്ച് തുപ്പുന്നതുകൊണ്ട് പല്ലിന് ഗുണമല്ല ദോഷമാണ് ഉണ്ടാവുക. ഒരു പയറ് മണിയോളമേ പേസ്റ്റ് വേണ്ടൂ. പേസ്റ്റില്ലെങ്കിലും കുഴപ്പമില്ല. ബ്രഷാണ് പ്രധാനം. അരമണിക്കൂറൊക്കെയെടുത്ത് പല്ല് തേക്കുന്നവരും ധാരാളം. ബ്രഷിങ്ങിന്റെ സമയം കൂടുന്നതുകൊണ്ട് പല്ലിന് ദോഷമാണുണ്ടാവുക. പേസ്റ്റിലെ പ്രധാന ഘടകമായ ഫ്‌ലറൈഡ് സാധാരണ ഗതിയില്‍ നല്ലതാണ്. കുറഞ്ഞ അളവില്‍ അടങ്ങിയ ഫ്‌ലറൈഡ് പല്ലിന് കേടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ഇനാമലിനെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഫ്‌ലൂറൈഡിന്റെ അളവ് കൂടുന്നത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പേസ്റ്റിന് പത നല്‍കുന്നതിനായി ഭൂരിപക്ഷം ബ്രാന്‍ഡുകളിലും ചേര്‍ക്കുന്ന സോഡിയം ലോറൈല്‍ ഫോസ്‌ഫേറ്റ് പോലുള്ള ഡിറ്റര്‍ജന്റുകള്‍ വായ്പുണ്ണിന് കാരണമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പല പേസ്റ്റുകളിലും അടങ്ങിയ പോളിഷിങ് ഏജന്റുകള്‍ പല്ലിന് പുളിപ്പുണ്ടാക്കുന്നതായും (tooth sensitivtiy) കാണുന്നു. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന പോളിഷിങ് ഏജന്റുകളുടെ പ്രവര്‍ത്തന ഫലമായിപല്ലിന്റെ ഇനാമല്‍ തേഞ്ഞ് നഷ്ടപ്പെടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ജാമിന്റേത് പോലെ നിറമുള്ളവയാണ് പല ജെല്‍ പേസ്റ്റുകളും. മാത്രമല്ല ചെറുമധുരവുമുണ്ടാകും. ഇതുമൂലം പല്ല് തേക്കുന്നതിനിടെയും മറ്റും കുട്ടികള്‍ അവ കഴിക്കാനിടയുണ്ട്. പല്ലിന് തേയ്മാനം വരുത്തുന്ന അബ്രേസീവുകള്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പേസ്റ്റ് വാങ്ങുക. ജെല്‍ പേസ്റ്റുകളുടെ നിരന്തര ഉപയോഗം പല്ലിന് തേയ്മാനവും പുളിപ്പും ഉണ്ടാക്കും.