പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു: ജലനിരപ്പ് താഴുന്നത് വരെ ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു: ജലനിരപ്പ് താഴുന്നത് വരെ ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

August 14, 2018 0 By Editor

പത്തനംതിട്ട: ആനത്തോട് കക്കി, പമ്ബ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പമ്ബ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പമ്ബയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്ബാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്ബയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല. ജലനിരപ്പ് താഴുന്നത് വരെ ഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

പമ്ബയിലെ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകിയതിനാല്‍ പാലത്തിന് ഗുരുതരമായ ബലക്ഷയമുള്ളതായി സംശയമുണ്ട്. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ പമ്ബയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് മന്ത്രിയും കലക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്ബ സന്ദര്‍ശിച്ചു. പമ്ബ മണല്‍പ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ്. മണല്‍പ്പുറത്ത് പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടു. തീര്‍ഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമാണ്.

പമ്ബയിലെ കടകളും മണ്ഡപവും വെള്ളത്തിനടിയിലാണ്. മുന്നറിയിപ്പ് അവഗണിച്ച് എത്തുന്നവരെ പമ്ബയില്‍ പൊലീസ് തടയും. വാട്ടര്‍അതോറിറ്റിയുടെ പമ്ബുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്ബാ മണല്‍പ്പുറത്ത് ജലവിതരണം തടസപ്പെട്ടു.പത്തനംതിട്ടയില്‍ മഴയുടെ തോതിനും മാറ്റമില്ല. പമ്ബയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക് സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജമാണ്. മുന്നറിയിപ്പ് അവഗണിച്ച് പമ്ബയില്‍ എത്തുന്നവരെ തിരിച്ചയക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.