പ്രതീക്ഷകളെല്ലാം കാറ്റില്‍ പറന്നു: കോട്ടൂളി സ്‌കൂളിലെ ഒന്നാം ക്ലാസ് ശൂന്യം

പ്രതീക്ഷകളെല്ലാം കാറ്റില്‍ പറന്നു: കോട്ടൂളി സ്‌കൂളിലെ ഒന്നാം ക്ലാസ് ശൂന്യം

June 13, 2018 0 By Editor

കോഴിക്കോട്: വിനായകും അഷിനും ശ്രീത്യയും പുതുമോടിയില്‍ ചൊവ്വാഴ്ച കോട്ടൂളി ജി.എല്‍.പി സ്‌കൂളിലെത്തിയത് നിറഞ്ഞ പ്രതീക്ഷകളോടെയായിരുന്നു. ഒന്നാം ക്ലാസിലെത്തുന്ന കൊച്ചുകൂട്ടുകാരെ പരിചയപ്പെടാനും ഒരുമിച്ച് കളിക്കാനുമൊക്കെയുള്ള മോഹങ്ങളായിരുന്നു മനസ്സില്‍. എന്നാല്‍, പ്രവേശനോത്സവദിനം തന്നെ സ്വപ്നങ്ങള്‍ അസ്തമിച്ചു. വിദ്യാര്‍ഥികളുടെ എണ്ണം തീരെ കുറഞ്ഞ കോട്ടൂളി സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ ചേരാന്‍ ആരുമെത്തിയിരുന്നില്ല. നാലു വിദ്യാര്‍ഥികള്‍ മാത്രമാണ് നാലാം ക്ലാസ് വരെയുള്ള ഈ സ്‌കൂളിലുള്ളത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ആദ്യദിനം എത്തിയിരുന്നില്ല.

കോഴിക്കോട് കോര്‍പറേഷന്‍ കീഴിലുള്ള ഈ വിദ്യാലയത്തിന് മികച്ച ഭൗതിക സൗകര്യമുണ്ടെങ്കിലും പരിസരവാസികള്‍ക്ക് അണ്‍എയ്ഡഡ് ഇംഗ്ലീഷ് സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാനാണ് താല്‍പര്യം. കുറച്ച് വര്‍ഷങ്ങളായി വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. വിശാലമായ കളിമുറ്റവും ഉറപ്പുള്ള കെട്ടിടവും ടൈല്‍സ് പാകിയ നിലവും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും കുട്ടികളെ കിട്ടാനില്ല. സമീപത്തെ വീടുകളിലെത്തി വിദ്യാര്‍ഥികളെ അയക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായി ഹെഡ്മിസ്ട്രസ് വി.എം. ഗീതാഭായ് പറഞ്ഞു. നിലവില്‍ നാലാം ക്ലാസില്‍ രണ്ടും രണ്ട്, മൂന്ന് ക്ലാസുകളില്‍ ഓരോ വിദ്യാര്‍ഥി വീതവുമാണ് സ്‌കൂളിലുള്ളത്. ഇതാദ്യമായാണ് ഒന്നാം ക്ലാസില്‍ ഒരു കുട്ടിപോലും പ്രവേശനത്തിനെത്താതിരുന്നത്.

അതേസമയം, എല്ലാ സ്‌കൂളിലെയുംപോലെ പ്രവേശനോത്സവം സ്‌കൂളില്‍ ഗംഭീരമായി നടന്നു. കുട്ടികള്‍ക്ക് പുസ്തകങ്ങളും പെന്‍സിലും പേനയുമടക്കമുള്ള സമ്മാനം നല്‍കി. ‘പുസ്തകപ്പൂക്കളില്‍ തേന്‍കുടിക്കാനായി ചിത്രപതംഗങ്ങളെത്തി’ എന്ന് തുടങ്ങുന്ന പ്രവേശനോത്സവ ഗാനവും ചൊല്ലി. സെപ്റ്റംബറില്‍ പ്രീപ്രൈമറി ക്ലാസ് തുടങ്ങി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള ശ്രമംതുടങ്ങുെമന്ന് സ്ഥലം കൗണ്‍സിലറായ കെ.ടി. സുഷാജ് പറഞ്ഞു. മികച്ച സൗകര്യങ്ങളുള്ള ഈ പൊതുവിദ്യാലയത്തില്‍ കുട്ടികള്‍ കുറയുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേഷന്‍ അധികൃതര്‍ സ്‌കൂളിന്റെ കാര്യത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളിന് സ്വന്തമായി വാഹനമുണ്ടെങ്കില്‍ അല്‍പം ദൂരെയുള്ള സ്ഥലങ്ങളിലെ വിദ്യാര്‍ഥികളെയും എത്തിക്കാനാവും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വ്രതമാക്കിയ സര്‍ക്കാറിന്റെയും ഒപ്പം പൊതുസമൂഹത്തിന്റെയും ഇടപെടലുണ്ടായില്ലെങ്കില്‍ കോട്ടൂളി ജി.എല്‍.പി സ്‌കൂളിന് സമീപഭാവിയില്‍ മരണമണി മുഴങ്ങും.