പരിസ്ഥിതി ദിനം: സ്‌കൂളുകള്‍ക്ക് മരം വേണ്ട പണം മതി

പരിസ്ഥിതി ദിനം: സ്‌കൂളുകള്‍ക്ക് മരം വേണ്ട പണം മതി

June 5, 2018 0 By Editor

മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തില്‍ വൃക്ഷ സംരക്ഷണത്തിനും ജൈവ ഉദ്യാനങ്ങള്‍ക്കുമായി വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ഫണ്ട് നല്‍കുമ്പോഴും പല സ്‌ക്കൂളുകള്‍ക്കും മരം അല്ല പണം മതി എന്നാണ് നയം. അവര്‍ക്ക് സ്‌കൂള്‍ മുറ്റത്തെ മരങ്ങളൊക്കെ ശല്യം കരിയിലയിട്ടു കത്തിച്ചും കെമിക്കലൊഴിച്ചും മരങ്ങള്‍ നശിപ്പിക്കുന്ന പതിവ് വ്യാപകമാണ് ഇപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് കരിയില വീഴാതിരിക്കാനാണ് കൂടുതലായും വൃക്ഷങ്ങളോട് ഈ ക്രൂരത.

വര്‍ഷങ്ങളായി മികച്ച ജൈവ ഉദ്യാനത്തിനും പരിസ്ഥിതി ക്ലബ്ബിനുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന സ്‌കൂളുകള്‍ വരെ ഇന്ന് ഈ രീതി പിന്തുടരുന്നു. മാസങ്ങളോളം തുടര്‍ച്ചയായി കരിയിലയും പ്ലാസ്റ്റിക്കും മരത്തിന്റെ ചുവട്ടിലിട്ട് കത്തിച്ചാണ് ഇത് സാധിച്ചെടുക്കുന്നത് അടുത്തയിടെ മാത്രം തുടങ്ങിയതാണ് മരങ്ങള്‍ക്കും കൃഷി ഇടങ്ങള്‍ക്കും ഈ ദുര്‍ഗതി. വാഴയും കപ്പയുമടക്കം നിരവധി ക്യഷികളും ഔഷധ സസ്യങ്ങളും എല്ലാം കൊണ്ടും നിറഞ്ഞ സ്‌കൂള്‍ അങ്കണങ്ങള്‍ ഇന്ന് നശിച്ചടങ്ങുകയാണ്. .

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൈപ്പറ്റുമ്പോഴും, നിലവിലുള്ള പരിസ്ഥിതിയെ പോലും സംരക്ഷിക്കാത്ത അവസ്ഥയിലാണ് പല സര്‍ക്കാര്‍ സ്‌കൂളുകളും. ജൈവ ഉദ്യാനത്തിന് ഇരുപത്തയ്യായിരം രൂപ വീതം കൈപ്പറ്റിയ ചില സ്‌കൂളുകള്‍ സ്‌കൂള്‍ മുറ്റത്ത് പണ്ടു നട്ട ചെടികള്‍ കാട്ടി പണം തട്ടിച്ചെടുക്കുകയാണെന്ന ആരോപണവുമുണ്ട്.

ജില്ലയിലെ പ്രമുഖ ആയുര്‍വേദ മരുന്നുത്പാദകര്‍ വന്‍ തുക ചിലവിട്ട് ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഔഷധ സസ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും അവ നോട്ടക്കുറ വുമൂലം നശിച്ച് കെട്ടു പോയി. വരും കാലങ്ങളില്‍ ഈ നില അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍. അധ്യയന വര്‍ഷം ആരംഭിക്കും മുമ്പേ തന്നെ താത്പര്യമുള്ള അധ്യാപകരെ കണ്ടെത്തി ഇതിനായി ഡപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ട്രെയിനിംഗുകള്‍ ആരംഭിച്ചു പതിവിനു വിപരീതമായി ഓഡിറ്റോറിയങ്ങള്‍ വിട്ട് വൃക്ഷോദ്യാനങ്ങളിലായിരുന്നു ഇത്തവണ പരിശീലനം.

സ്‌കൂളുകളില്‍ വന്‍കിട പദ്ധതികള്‍ക്കു പകരം കാറ്റിനെ അതിജീവിക്കുന്ന നാടന്‍ മരങ്ങളും ബാംബൂ ഫോറസ്റ്റ് കളും ഒരുക്കിയുള്ള സീറോ ബഡ്ജറ്റ് ‘ രീതികളാണ് അഭികാമ്യമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ സീതാരാമന്‍, ജോണ്‍ പെരുവന്താനം , അസീസ് കുന്നപ്പിള്ളി എന്നിവരുടെ അഭിപ്രായം . ഇതിനായി മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കി കുറച്ചു സ്ഥലം എല്ലാ സ്‌കൂളും മാറ്റി വക്കണമെന്ന നിര്‍ദ്ദേശവും അവര്‍ക്കുണ്ട്.