പശ്ചിമ ബംഗാളിന് പുതിയ പേര്: പുനര്‍നാമകരണം നിയമസഭ അംഗീകരിച്ചു

പശ്ചിമ ബംഗാളിന് പുതിയ പേര്: പുനര്‍നാമകരണം നിയമസഭ അംഗീകരിച്ചു

July 26, 2018 0 By Editor

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പശ്ചിമബംഗാള്‍ അസംബ്ലി പാസ്സാക്കി. വിഷയത്തില്‍ അനുമതിക്കായി പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി തന്നെ സംസ്ഥാനത്തിന്റെ പേര് മാറ്റാം.

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പേരുമാറ്റം സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചത്. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലായിരുന്നു(28മത്) പശ്ചിമ ബംഗാള്‍. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും.

സംസ്ഥാനത്തിന്റെ പേര് മാറ്റത്തിന് 2016 ആഗസ്റ്റില്‍ ബംഗാള്‍ നിയമസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ബംഗാളിയില്‍ ബംഗ്ല എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ഹിന്ദിയില്‍ ബംഗാള്‍ എന്നും അറിയപ്പെടുമെന്നുമായിരുന്നു സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ കേന്ദ്രം ഇതിനെ എതിര്‍ത്തു. ഏകീകൃത പേരുമാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടായിരുന്നു കേന്ദ്രം അറിയിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് എല്ലാ ഭാഷയിലും ബംഗ്ലാ എന്ന് അറിയപ്പെടുന്ന രീതിയില്‍ പേര് മാറ്റിക്കൊണ്ടുള്ള പ്രമേയം കാബിനറ്റ് പാസ്സാക്കിയിരുന്നു.അതിനിടയില്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ, ബിജെപി എംഎല്‍എമാര്‍ പ്രമേയാവതരണത്തിനിടയില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

1999ല്‍ ഇടതുമുന്നണിയാണ് പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ലാ എന്ന് പോരുമാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായി അംഗീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗാ എന്ന പേരിലാണ് വിളിക്കുന്നത്. 2011ല്‍ ബുദ്ധദേവ് സര്‍ക്കാരാണ് പേരുമാറ്റം നടത്തിയത്. എന്നാല്‍ ഇതിന് ഔദ്യേഗികമായ അംഗീകാരം ലഭിച്ചിരുന്നില്ല.

1947 ലെ വിഭജനത്തോടെയാണ് വെസ്റ്റ് ബംഗാളും ഈസ്റ്റ് ബംഗാളും പിറവിയെടുക്കുന്നത്. ഈസ്റ്റ് ബംഗാള്‍ പിന്നീട് ഈസ്റ്റ് പാക്കിസ്ഥാനും 1971 ല്‍ ബംഗ്ലാദേശുമായി മാറുകയും ചെയ്തു