പത്താം ക്ലാസ് പരീക്ഷാ തിയതി മാറ്റി

August 3, 2018 0 By Editor

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങി 27ന് സമാപിക്കും. മാര്‍ച്ച് ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്. ഡി.പി.ഐ. കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധനാസമിതി യോഗത്തിനാണ് പരീക്ഷ രാവിലെയാക്കാന്‍ ശുപാര്‍ശ ചെയ്തത്.

മാര്‍ച്ച് 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. ചോദ്യപ്പേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കുന്നതിനാലാണ് എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞ് നടത്തിവരുന്നത്. പ്ലസ്ടു പരീക്ഷയുടെ മാതൃകയില്‍ ചോദ്യപ്പേപ്പര്‍ സ്‌കൂളില്‍ സൂക്ഷിച്ച് പരീക്ഷ രാവിലെ നടത്താനാണ് ശുപാര്‍ശ. സ്‌കൂളുകളിലെ പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 31ന് തുടങ്ങും. മുസ്ലിം സ്‌കൂളുകളിലും ഓണപ്പരീക്ഷ ഇതേ ദിവസങ്ങളില്‍ നടക്കുമെന്നും യോഗം അറിയിച്ചു.

ക്ലാസ് സമയങ്ങളില്‍ സ്‌കൂളില്‍ നടത്തുന്ന പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ മതേതരസ്വഭാവമുള്ളതായിരിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കുമെന്നും, ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം ശരിയെല്ലെന്നും യോഗത്തില്‍ പറഞ്ഞു. അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി. ഹരികൃഷ്ണന്‍, എ. ഹരിഗോവിന്ദന്‍, എന്‍. ശ്രീകുമാര്‍, എ.കെ. സൈനുദ്ദീന്‍, ജെയിംസ് കുര്യന്‍, പി.വി. വിജയന്‍, ഗോപകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.