പതിനെട്ടുകാരനും പത്തൊമ്പത്തുകാരിക്കും ഒരുമിച്ച് താമസിക്കാം: ഹൈകോടതിയുടെ നിര്‍ണായക വിധിയ്ക്ക് പിന്നിലുമുണ്ട് ഒരുകൊച്ചു പ്രണയക്കഥ

പതിനെട്ടുകാരനും പത്തൊമ്പത്തുകാരിക്കും ഒരുമിച്ച് താമസിക്കാം: ഹൈകോടതിയുടെ നിര്‍ണായക വിധിയ്ക്ക് പിന്നിലുമുണ്ട് ഒരുകൊച്ചു പ്രണയക്കഥ

June 3, 2018 0 By Editor

ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാമെന്ന സുപ്രധാന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയേയും 18കാരനേയേയും ഒന്നിപ്പിക്കാനായിരുന്നു കോടതിയുടെ ഈ സുപ്രധാന വിധി.

വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഈ അലങ്കോലങ്ങളില്‍ നിന്നൊക്കെ വിട്ട് മാറി തന്റെ പ്രണയത്തെ ഒപ്പം ചേര്‍ക്കാനായ സന്തോഷം പങ്കുവെയ്ക്കുകയാണ് ആലപ്പുഴ സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍.

ഏപ്രിലില്‍ ആയിരുന്നു സെന്റ്‌മേരീസ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായ 18കാരനായ ഹനീസും 19കാരിയായ റഫീനയും വീട്ടില്‍ നിന്ന് ഒളിച്ചോടിയത്. തങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.. റിഫാനയുടെ വീട്ടില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്. ഇതോടെ ഇരുവരും വീട്ടില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.

സിനിമയെ വെല്ലുന്ന പ്രണയവും ട്വിസ്റ്റുമായിരുന്നു ഹനീസിന്റേയും റിഫാനയും ജീവിതത്തില്‍ നടന്നത്. ഒളിച്ചോടിയതിന് പിന്നാലെ ഇരുവരേയും ഒന്നിപ്പിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരികയായിരുന്നു. മകള്‍ ഒളിച്ചോടിപ്പോയെന്ന് കാണിച്ച് റിഫാനയുടെ അച്ഛന്‍ റിയാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു. 18 കാരന്‍ പയ്യന്‍ തന്റെ മകളെ തടഞ്ഞ് വെച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി ഫയല്‍ ചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും കോടതിയില്‍ ഹാജരാക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പതിനെട്ടുകാരന്റേയും 19 കാരിയുടേയും വ്യക്തി സ്വാതന്ത്ര്യത്തിനാണ് ഇവിടെ പ്രധാന്യമെന്നും ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കാന്‍ നിയമ തടസങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കി കോടതി ഹരജി തള്ളുകയായിരുന്നു.സാധാരണ ഇത്തരം കേസുകളില്‍ പെണ്‍കുട്ടിയുടെ പ്രായവും അരക്ഷിതാവസ്ഥയും പരിഗണിച്ച് വീട്ടുകാരോടൊപ്പം പോകാണമെന്നാണ് പതിവായി കോടതികള്‍ നിര്‍ദ്ദേശിക്കാറുള്ളതെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ബാലവിവാഹ നിയമം അനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസാവാത്തതിനാല്‍ ഇരുവരുടെയും വിവാഹം നിയമപരമാവില്ലെന്നും വിവാഹപ്രായമെത്തുമ്പോള്‍ ഇരുവരും നിയമാനുസൃതം വിവാഹം കഴിക്കുന്നതില്‍ വിരോധമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് റിയാദ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം കോടതിക്ക് വൈകാരികമായി ഇടപെടാനാവില്ലെന്നും അതേസമയം ഇരുവര്‍ക്കും നിയമപ്രകാരമുള്ള വിവാഹം കഴിക്കാന്‍ പ്രായമാകുന്ന മുറയ്ക്ക് വിവാഹം കഴിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി ഇടപെട്ടില്ലേങ്കില്‍ റിഫാനയുടെ വീട്ടുകാര്‍ അവളെ തടങ്കിലാക്കുമായിരുന്നുന്നെന്നും കോടതിയാണ് തങ്ങളുടെ പ്രണയം സംരക്ഷിക്കാന്‍ മുന്‍ കൈ എടുത്തതെന്നും ഹനീസ് മാധ്യമങ്ങളോട് പറഞ്ഞു. ജീവനില്‍ ഭയമുണ്ടായത് കൊണ്ടാണ് ഒളിച്ചോടിയതെന്നും ഹനീസ് പറഞ്ഞു.