പൗരാവകാശ പ്രവര്‍ത്തകരെ നാലാഴ്ച കൂടി വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണം: സുപ്രീംകോടതി

പൗരാവകാശ പ്രവര്‍ത്തകരെ നാലാഴ്ച കൂടി വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണം: സുപ്രീംകോടതി

September 28, 2018 0 By Editor

ന്യൂഡല്‍ഹി: പൗരാവകാശ പ്രവര്‍ത്തകരെ നാലാഴ്ച കൂടി വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളുടെ ജാമ്യ ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്തത് കൊണ്ടാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഇക്കാര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്നുമുള്ള ആക്ടിവിസ്റ്റുകളുടെ ആവശ്യവും കോടതി തള്ളി. മഹാരാഷ്ട്ര പൊലീസിന് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.

മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്നും കേസില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നും വിധി പ്രസ്ഥാവിച്ച ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അഭിപ്രായം പറയാനില്ല, അത് കേസിനെ മൊത്തത്തില്‍ ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റ് ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ക്ക് വ്യത്യസ്തമായി വിയോജന വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ചത്.

അതേസമയം, സര്‍ക്കാരിനെ എതിര്‍ത്തത് കൊണ്ടല്ല ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര പൊലീസിന്റെ ആരോപണങ്ങളെ അംഗീകരിക്കാനും കോടതി തയ്യാറായില്ല.

ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് പൗരപ്രവര്‍ത്തകരായ വരവരറാവു, അരുണ്‍ ഫെരാറിയ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, സുധ ഭരധ്വാജ്, ഗൗതം നവ്‌ലാകാ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ വിസമ്മതിച്ച കോടതി വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.