പീഡന പരാതിയിലെ മൊഴികളില്‍ പൊരുത്തക്കേടുകള്‍: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും

September 5, 2018 0 By Editor

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുളള ലൈംഗിക പീഡന പരാതിയിലെ മൊഴികളില്‍ ഇരുപതിലേറെ പൊരുത്തക്കേടുകള്‍ അറസ്റ്റ് വൈകാന്‍ കാരണമാകുന്നു. മൊഴികളിലെ പൊരുത്തക്കേടുകളില്‍ ഒരാഴ്ചയ്ക്കുളളില്‍ വ്യക്തത വരുത്താനാണ് അന്യേഷണ സംഘത്തിനു കിട്ടിയ നിര്‍ദേശം. അതിനുശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.

2013-16 കാലയളവില്‍ പീഡനം നടന്നെങ്കിലും 16നു ശേഷമാണ് പരാതി നല്‍കിയത്.ഇതിനു കന്യാസ്ത്രി നല്‍കിയ വിശദീകരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണ തൃപ്തരല്ലയെന്നാണ് സൂചന. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാല ബിഷപ്പ് തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെന്നത് അവര്‍ നിഷേധിച്ചതും അന്വേഷണത്തിന് വെല്ലുവിളിയുയര്‍ത്തി.

അതോടൊപ്പം കേരളത്തിലെ സന്ദര്‍ശനം, കന്യാസ്ത്രീ പരാതി നല്‍കാന്‍ ഇടയായ സാഹചര്യം എന്നിവ സംബന്ധിച്ച് ബിഷപ്പ് ഡോ. ഫ്രാങ്കോ മുളക്കല്‍ നല്‍കിയ വിശദീകരണത്തിലും പൊരുത്തക്കേടുണ്ട്. മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത വരുത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യുകയുളളു.