പൊലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ എങ്ങനെ അധോലോക നായകനായി? ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തിലേക്കൊരു യാത്ര

പൊലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ എങ്ങനെ അധോലോക നായകനായി? ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തിലേക്കൊരു യാത്ര

April 25, 2018 0 By Editor

അധോലോകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍ക്കുന്ന പേരാണ് ദാവൂദ് ഇബ്രാഹിം. ബോംബെയില്‍ വെറുമൊരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായ ദാവൂദ് ഇബ്രാഹിം എങ്ങനെ അധോലോക രാജാവായി മാറി എന്ന്ത് എല്ലാവരുടെയും മനസില്‍ ഉയരുന്ന ഒരു ചോദ്യമാണ്. അതുകൊണ്ടുതന്നെ ദാവൂദിന്റെ സാഹസിക ജീവിതത്തെ കുറിച്ചറിയാന്‍ താത്പര്യമില്ലാത്തവരായി ആരും കാണില്ല.

ആരായിരുന്നു ദാവൂദ് ഇബ്രാഹിം? 1955 ഡിസംബര്‍ 27ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ സാധാരണ കുടുംബങ്ങളില്‍ ഒന്നായ ആമിനയുടേയും ബോംബെയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഇബ്രാഹിം കാസ്‌കറുടെയും മകന്‍. ഇപ്പോള്‍ 62 വയസ്സുണ്ട് ദാവൂദിന്. സെന്‍ട്രല്‍ ബോംബെയിലെ ദോംഗ്രി എന്ന, മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പിന്നാക്ക മേഖലയായിരുന്നു ദാവൂദിന്റെ ‘സ്‌കൂള്‍’. ഇന്നും ദോംഗ്രിയില്‍ ദാവൂദിന് പ്രത്യേകമായ സ്വാധീനമുണ്ട്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായി ജനിച്ച ദാവൂദിന് സാമ്പത്തിക പരാധീനതകള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. അഹ്മദ് സെയ്‌ലര്‍ ഹൈസ്‌കൂളില്‍ വളരെ ചെറിയ ക്ലാസില്‍ വെച്ചുതന്നെ ദാവൂദ് പഠനം നിറുത്തി. ഒരു കൊങ്കണി മുസ്ലിം കുടുംബത്തിലായിരുന്നു ദാവൂദിന്റെ ജനനം. കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള ഈ വിഭാഗക്കാര്‍ ഇതിനകം ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പേര്‍ഷ്യന്‍ നാടുകളിലും യുകെ, യുഎസ് എന്നിവിടങ്ങളിലും ഇവരുടെ വംശം വ്യാപിച്ചു കിടക്കുന്നു. ദാവൂദിന്റെ സൗഹൃദങ്ങള്‍ വളരെ വിപുലമായതില്‍ ഇതൊരു കാരണമാണ്.

ചെറിയ തോതിലുള്ള അക്രമങ്ങളും കള്ളക്കടത്തുകളും നടത്തിയാണ് ദാവൂദിന്റെ തുടക്കം. ദോംഗ്രിയില്‍ തന്നെപ്പോലെ ദരിദ്രരും നിരാശരുമായ കൗമാരക്കാരുടെ സംഘം രൂപീകരിക്കാന്‍ ദാവൂദിനായി. അസാമാന്യമായ നേതൃപാടവം ചെറുപ്പം മുതലേ ദാവൂദ് പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രോണിക് സാധനങ്ങളും മറ്റും മോഷ്ടിച്ച് കൊണ്ടുവന്ന് വില്‍ക്കുന്നതായിരുന്നു ഈ കൗമാരസംഘങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം.

തലവന്മാരുടെ പ്രിയശിഷ്യനും പിന്ഗാമിയും

ഹാജി മസ്താന്‍, കരിം ലാല, വരദരാജന്‍ മുതലിയാര്‍ അന്നത്തെ അധോലോകമ വാണിരുന്നവര്‍. ബോംബെ അധോലോകം ഈ മുവര്‍സംഘത്തിന്റെ കൈപ്പിടിയിലായിരുന്ന കാലത്താണ് ദാവൂദ് ദോംഗ്രിയിലെ ചെറുകിട പരിപാടികള്‍ വിട്ട് വിശാലമായ അധോലോകത്തേക്ക് ഇറങ്ങുന്നത്. ഇതിനകം ഈ മുവര്‍സംഘം ബോംബെ അധോലോകത്തിന്റെ ‘മൂല്യവ്യവസ്ഥകള്‍’ നിര്‍ണയിച്ചിരുന്നു. ദാവൂദിന് പത്തൊമ്പത് വയസ്സ് പ്രായമുള്ള കാലത്താണ് ഹാജി മസ്താന്റെ സംഘവുമായി ദാവൂദിന്റെ സംഘം ഒരു ഉരസലില്‍ ഏര്‍പ്പെടുന്നത്. ഹാജി മസ്താനുമായുള്ള സഹൃദ് ബന്ധത്തിലേക്കാണ് ഈ ഉരസല്‍ നയിച്ചത്. ഹാജി മസ്താനോട് ചെറുകിടയും വന്‍കിടയുമായ കള്ളക്കടത്തുകാര്‍ക്കെല്ലാം ബഹുമാനമായിരുന്നു. ദാനധര്‍മ്മങ്ങളിലൂടെ ഹാജി മസ്താന്‍ സാധാരണക്കാരുടെ പിന്തുണ ആര്‍ജിച്ചിരുന്നതിനാല്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത ശക്തിയുമായിരുന്നു. ദാവൂദും സഹോദരന്‍ സാബിര്‍ ഇബ്രാഹിമും ഹാജി മസ്താനു വേണ്ടിയും കള്ളക്കടത്ത് തുടങ്ങി. മറ്റു സംഘങ്ങളുമായി ചേര്‍ന്നും ദാവൂദ് പ്രവര്‍ത്തിച്ചിരുന്നു.

1977ല്‍ ജയപ്രകാശ് നാരായണന്റെ ജനതാ പാര്‍ട്ടിയുടെ കാര്‍മികത്വത്തില്‍ ബോംബെ അധോലോക ക്രിമിനലുകള്‍ തങ്ങളുടെ ഗാങ്സ്റ്റര്‍ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപനം നടത്തി. ഇതുവഴി ലഭിച്ച പ്രതിച്ഛായ മുതലെടുത്ത് ബോംബെയില്‍ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത കക്ഷിയാണ് യൂസഫ് പട്ടേല്‍. കീഴടങ്ങിയ പട്ടേല്‍ അടങ്ങിയൊതുങ്ങിക്കഴിയുമെന്ന് സര്‍ക്കാര്‍ മാത്രമേ കരുതിയുള്ളൂ. ഇതേ കാലയളവില്‍ സര്‍ക്കാരിന് കീഴടങ്ങിയ ഹാജി മസ്താന്‍ തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയില്ലെങ്കിലും പാവങ്ങളെ സഹായിക്കലും ഹജ്ജിനു പോകലുമെല്ലാമായി പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമമെങ്കിലും നടത്തി. അതെസമയം, എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമവിധേയമാക്കാനുള്ള വഴിയായാണ് പട്ടേല്‍ തന്റെ കീഴടങ്ങലിനെ കണ്ടത്. ബോംബെ നഗരത്തില്‍ അനധികൃതമായി ഭൂമി സമ്പാദിച്ച് അതില്‍ ഫ്‌ലാറ്റുകള്‍ കെട്ടിപ്പൊക്കി യൂസഫ്. ഈ യൂസഫ് പട്ടേലുമായി നടത്തിയ ഒരു ബിസിനസ്സില്‍ ഹാജി മസ്താന് വലിയ വീഴ്ച പറ്റി. 1980ല്‍ ഒരു ഡീലിന്റെ ഭാഗമായി പട്ടേല്‍ നല്‍കിയ വെള്ളി ഉരുപ്പടികള്‍ വിദേശ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ മസ്താന് സാധിച്ചില്ല. ലെഡിന്റെ അളവ് കൂടുതലായതാണ് കാരണം. ഈ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ പട്ടേല്‍ വിസമ്മതിച്ചു. ചതിക്കപ്പെട്ട മസ്താന്‍ പട്ടേലിനെ തീര്‍ക്കാന്‍ ആളെ വിട്ടെങ്കിലും നടന്നില്ല. പട്ടേലിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഹാജി മസ്താന്റെ തലമുറ പുലര്‍ത്തിയിരുന്ന ചില ‘മൂല്യ’ങ്ങളുണ്ടായിരുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ പ്രദേശങ്ങളിലേക്ക് അധിനിവേശം നടത്താന്‍ ശ്രമിക്കരുതെന്നതും ഗാങ്ങുകള്‍ തമ്മില്‍ ശത്രുത പാടില്ലെന്നതുമായിരുന്നു പ്രസ്തുത മൂല്യങ്ങളില്‍ പ്രധാനമായ ഒന്ന്. യൂസഫ് പട്ടേലുമായുള്ള ഡീലിനു ശേഷം തന്റെ കാലം കഴിഞ്ഞതായി മസ്താന്‍ തിരിച്ചറിഞ്ഞു. പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ദാവൂദ് ഇബ്രാഹിമിനെ പിന്‍ഗാമിയായി മസ്താന്‍ അംഗീകരിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ അത്യാവശ്യമായ മസില്‍പ്രയോഗത്തിനുള്ള ശേഷിയും അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കാനുള്ള കഴിവും ദാവൂദില്‍ ഒരുമിച്ചു ചേര്‍ന്നിരുന്നു.

കരിംലാലയുടെ പത്താന്‍ ഗാങ്ങുമായി ദാവൂദ് ഇബ്രാഹിം ബന്ധം സ്ഥാപിച്ചതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ചോദ്യം ചെയ്യപ്പെടാത്ത മാഫിയാത്തലവന്‍ എന്ന പദവിയിലേക്ക് ദാവൂദിനെ വളര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം. പത്താന്‍ ഗാങ്ങാണ് 70കളുടെ ഒടുവില്‍ ബോംബെയില്‍ സുപ്രധാനമായ കള്ളക്കടത്തുകള്‍ കൈകാര്യം ചെയ്തിരുന്നത്. വരദരാജന്‍ മുതലിയാരും യൂസഫ് പട്ടേലും ഹാജി മസ്താനുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തിയപ്പോള്‍ കരിംലാലയ്ക്ക് അക്രമങ്ങള്‍ ഒഴിവാക്കിയുള്ള ഒരു വഴി അറിയുമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ ബോംബെ നിവാസികള്‍ ഏറ്റവും പേടിച്ചിരുന്നത് കരിംലായുടെ ഗാങ്ങിനെയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിയ കരിംലാലയുടെ ഗാങ്ങിനെ നിയന്ത്രിച്ചിരുന്ന പ്രധാനികളും അഫ്ഗാനികള്‍ തന്നെയായിരുന്നു. ലാലയുടെ സഹോദരപുത്രന്‍ സമദ് ഖാനാണ് പത്താന്‍ ഗാങ്ങിനെ നയിച്ചിരുന്നത്. സമദിന്റെയും അയാളുടെ പത്താന്‍ സുഹൃത്തുക്കളുടെയും ഭരണമായിരുന്നു ഗാങ്ങില്‍. ഈ ഗാങ്ങുമായി ദാവൂദും സഹോദരനും ബന്ധപ്പെടുന്നത് ഹാജി മസ്താന്‍ വഴിയാണ്. സാബിറിനും ദാവൂദിനും തൃപ്തികരമായ ഒരിടം ഇതില്‍ ലഭിച്ചില്ല. കള്ളക്കടത്ത് സാമഗ്രികള്‍ നീക്കം ചെയ്യുന്ന തരം ‘കുറഞ്ഞ’ ജോലികളാണ് ഇരുവരെയും ഏല്‍പ്പിച്ചിരുന്നത്. ഈ ‘അതൃപ്ത സഹോദരങ്ങളെ’ തന്ത്രപൂര്‍വ്വം ഉപയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചു. കരിംലാലയുടെ പത്താന്‍ ഗാങ്ങിനെയും ഹാജി മസ്താന്റെ ‘ദേശീ ഗാങ്ങി’നെയും ശത്രുക്കളാക്കിയതിനു പിന്നിലെ അടിസ്ഥാന കാരണങ്ങളിലൊന്ന് സാബിറും ദാവൂദും ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ്. ലാലയും മസ്താനും പരസ്പരം പോരടിക്കാതെ ബിസിനസ്സ് നടത്തിക്കൊണ്ടു പോയിരുന്ന രീതി അവര്‍ക്കു ശേഷം വന്ന തലമുറയ്ക്ക് പിന്തുടരാന്‍ കഴിഞ്ഞില്ല. പത്താന്‍ ഗാങ്ങുമായി സഹകരിക്കാന്‍ ദാവൂദും സഹോദരനും തീരുമാനമെടുത്തതിനു പിന്നില്‍ തങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനം വളര്‍ന്നിട്ടില്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു.

പത്താന്‍ ഗാങ്ങിന്റെ പരാതികളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിന് പകരമായി പൊലീസിന് അവരുടെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കാമെന്ന് ദാവൂദും സാബിറും സമ്മതിച്ചു. (ഇതിലേക്ക് ഇവരെ നയിച്ച കാരണങ്ങള്‍ പിന്നീട് പറയുന്നുണ്ട്) ഇതിന് ഇരുവരുടെയും സുഹൃത്തായ ഇഖ്ബാല്‍ നാട്ടിക് എന്ന മാധ്യമപ്രവര്‍ത്തകനും പിന്തുണ നല്കി. ഇങ്ങനെ കിട്ടിയ വിവരമനുസരിച്ച് സമദിന്റെ അനധിക!ൃത ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി. മദ്യ ഗോഡൗണുകളിലും റെയ്ഡ് നടന്നു. പൊലീസിന് വിവരം നല്കിയത് ഇഖ്ബാലാണെന്ന ധാരണയില്‍ സമദ് അയാളെ കൊലപ്പെടുത്തി. സുഹൃത്തിനെ സമദ് കൊലപ്പെടുത്തിയത് ദാവൂദിനെയും സാബിറിനെയും വല്ലാതെ പ്രകോപിപ്പിച്ചു. ഇരുവരും പത്താന്‍ ഗാങ്ങിനെ തകര്‍ക്കാനുള്ള പദ്ധതികളാലോചിച്ചു. പത്താന്‍ ഗാങ്ങിന്റെ ചില ഘടകങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് സ്വന്തമായൊരു ഗാങ് രൂപീകരിച്ചു. യങ് കമ്പനി എന്നായിരുന്നു പേര്. പത്താന്‍ ഗാങ്ങിന്റെ പ്രദേശങ്ങളില്‍ പലതിലും ഇവര്‍ ആധിപത്യം സ്ഥാപിച്ചതോടെ ഗാങ്ങുകള്‍ തമ്മിലുള്ള തുറന്ന ആക്രമണങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഹാജി മസ്താന്റെ താക്കീതുകള്‍ പോലും വിലപ്പോയില്ല.

1981 ഫെബ്രുവരി 12ന് കാമാത്തിപുരയിലെ ഒരു വേശ്യയുമൊത്ത് ഫിയറ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ദാവൂദിന്റെ സഹോദരന്‍ സാബിര്‍ ഇബ്രാഹിമിനെ സമദ് ഖാനും പത്താന്‍ സുഹൃത്തുക്കളും ചേര്‍ന്ന് വെടിവെച്ചു കൊന്നു. ദാവൂദിനെക്കൂടി കൊല്ലാന്‍ ഈ സംഘം ഉടന്‍ യാത്ര തിരിച്ചെങ്കിലും വാഹനത്തിന്റെ വരവ് ശ്രദ്ധയില്‍പ്പെട്ട ദവൂദിന്റെ അനുചരന്മാരിലൊരാള്‍ വിവരം ഉടന്‍തന്നെ കൈമാറി. ദാവൂദ് രക്ഷപ്പെട്ടു. സഹോദരനെ കൊല ചെയ്തവരോട് പകരം ചോദിക്കാന്‍ ദാവൂദ് ഒരു വന്‍ ക്വട്ടേഷന്‍ കൊടുത്തു. ആദ്യം സമദിന്റെ പത്താന്‍ സുഹൃത്തുക്കളെയും പിന്നീട്, 1984ല്‍ സമദിനെയും കൊലപ്പെടുത്തി. ഇതിനകം ദാവൂദിന്റെ ബിസിനസ്സ് ലോകം വളരെ വലുതായി മാറിയിരുന്നു. ആദ്യ കൊലപാതകത്തിനു ശേഷം തന്നെ പൊലീസിനെ വെട്ടിച്ച് ദാവൂദ് ദുബൈയിലേക്ക് പറന്നിരുന്നു.

തന്റെ ‘കരിയറി’ന്റെ തുടക്കകാലത്തു തന്നെ പൊലീസുമായി ഉറച്ച ബന്ധം സ്ഥാപിക്കാന്‍ ദാവൂദിനായി. പൊലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ എന്ന വൈകാരിക ബന്ധമാണ് ആദ്യം സ്ഥാപിക്കപ്പെട്ടത്. പല കള്ളക്കടത്തുകള്‍ക്കും പോലീസ് സഹായം തുടക്കം മുതലേ ലഭിച്ചു. പിന്നീട് സമദിന്റെ പത്താന്‍ ഗാങ്ങിനെ തകര്‍ക്കാനും ഈ പൊലീസ് ബന്ധം ദാവൂദ് സമര്‍ത്ഥമായി ഉപയോഗിച്ചു. പൊലീസിന്റെ ഇന്‍ഫോര്‍മറായാണ് അക്കാലത്ത് ദാവൂദും സഹോദരനും പ്രവര്‍ത്തിച്ചത്. സമദിന്റെ സുഹൃത്തുക്കളിലൊരാളായ അലംസേബിനെ കൊലപ്പെടുത്തിയത് ഗുജറാത്തിലെ വഡോദര പൊലീസ് നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടല്‍ വഴിയാണ്. ഇത് സംഘടിപ്പിച്ചതും ദാവൂദ് ആയിരുന്നു. ഈ പൊലീസ് ബന്ധം ശക്തമാകുന്നത് ആദ്യകാലത്ത് ദാവൂദ് നടത്തിയ ഒരു കൊള്ളയുമായി ബന്ധപ്പെട്ടാണ്. 1974ല്‍ ദാവൂദിന്റെ സംഘാംഗങ്ങള്‍ ഹാജി മസ്താന്റെ ഗാങ്ങുമായി ചെറിയ ഏറ്റുമുട്ടല്‍ നടത്തി. ഇതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയായിരുന്നു ദാവൂദ്. അങ്ങനെയിരിക്കെയാണ് ഹാജി മസ്താന്റെ വീട്ടിലേക്ക് 4,75,000 രൂപയും കൊണ്ട് ഒരു വാഹനം പോകുന്നുണ്ടെന്ന വിവരം ദാവൂദിന് ലഭിച്ചത്. ഈ വാഹനം കൊള്ളയടിച്ചതിനു ശേഷമാണ് പണം മസ്താന്റേതല്ല, മെട്രോപോളിറ്റന്‍ ബാങ്കിന്റേതാണെന്ന് ദാവൂദിന് മനസ്സിലായത്. ബോംബെ നഗരം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നായിരുന്നു അത്. ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് സംഘത്തില്‍ ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിളായിരുന്ന ദാവൂദിന്റെ പിതാവ് ഇബ്രാഹിം കാസ്‌കറും ഉണ്ടായിരുന്നു. തന്റെ മകനാണ് കൊള്ളയ്ക്കു പിന്നിലെന്ന് തിരിച്ചറിഞ്ഞ ഇബ്രാഹിം ദാവൂദിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

ഇബ്രാഹിമിന്റെ മകനെ പൊലീസ് പ്രത്യേക രീതിയിലാണ് പരിഗണിച്ചത്. കേസൊക്കെ ചാര്‍ജ് ചെയ്‌തെങ്കിലും തങ്ങളുടെ പരിഗണന ദാവൂദിനുണ്ടാകുമെന്ന സൂചന പൊലീസ് നല്‍കി. പകരമായി പത്താന്‍ ഗാങ്ങിനെ വീഴ്ത്താന്‍ ദാവൂദ് സഹായിക്കണം! ഈ കേസ് ഇന്നും നിലവിലുണ്ട്. സുപ്രീംകോടതി വരെയെത്തിയ കേസില്‍ 1992ല്‍ ദാവൂദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

അന്താരാഷ്ട്ര തലങ്ങളിലേക്ക്

സമദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കുശേഷം ദാവൂദ് ഇന്ത്യയിലേക്കുള്ള വരവ് കുറച്ചിരുന്നു. 1992ലെ വാറന്റിനു ശേഷം ഈ വരവ് തീരെ നിലച്ചു. ഇവിടെ നിന്നാണ് ദാവൂദിന്റെ ബിസിനസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് മാറുന്നത്. ദുബൈയില്‍ രാജകുടുംബാംഗങ്ങളുമായി ദാവൂദ് ഊഷ്മളമായ ബന്ധം സ്ഥാപിച്ചു. സ്വാധീനമുള്ള ഷെയ്ക്കുമാരെയെല്ലാം സൗഹൃദവലയത്തിനുള്ളിലാക്കി. നേരത്തെ, വാടകവീടുകളില്‍ നിന്ന് ആളെ ഒഴിപ്പിക്കലും, ചേരികളില്‍ നിന്നും മറ്റും ആളുകളെ ഒഴിപ്പിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കലും, ബിസിനസ്സ് തര്‍ക്കങ്ങള്‍ ഇടപെട്ട് തീര്‍ക്കലും, മയക്കുമരുന്ന് കള്ളക്കടത്തുമൊക്കെയായിരുന്നു ദാവൂദിന്റെ കളിയിടങ്ങള്‍. ദുബൈയിലേക്ക് മാറിയതോടെ ബിസിനസ്സിന്റെ സ്വഭാവങ്ങളില്‍ കാര്യമായ മാറ്റം വന്നു. ഗുജറാത്ത് തീരങ്ങളിലെ കപ്പല്‍ പൊളിക്കുന്ന ബിസിനസ്സില്‍ ദാവൂദിന് ബന്ധമുണ്ടായിരുന്നു. ഇതുവഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്താന്‍ ദാവൂദിനായി. കള്ളനോട്ടുകള്‍ കൊണ്ട് ഒരു സമാന്തരസാമ്രാജ്യം തന്നെ ദാവൂദ് സൃഷ്ടിക്കുന്നത് ദുബൈ ജീവിതകാലത്താണ്. 1993ല്‍ മുംബൈ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ദാവൂദ് താവളം പാകിസ്താനിലേക്ക് മാറ്റി. ഈ കാലത്തു തന്നെ ഇരുരാജ്യങ്ങളും കുറ്റവാളികളെ കൈമാറുന്നതിനുള്ള ഒരു കരാര്‍ രൂപപ്പെടുത്താന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 1999ല്‍ ഇന്ത്യയും യുഎഇയും ഇത്തരമൊരു കരാറില്‍ ഒപ്പു വെക്കുകയും ചെയ്തു. ദാവൂദിന് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താവളം പാകിസ്താന്‍ തന്നെയാണ്.

തീവ്രവാദത്തിലേക്ക്

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം വ്യാപകമായി നടന്ന കലാപങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് നടന്നത് ബോംബെയിലായിരുന്നു. 1993 മാര്‍ച്ച് മാസത്തില്‍ ദാവൂദ് നഗരത്തില്‍ 12 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി. അന്ന് ലോകത്തില്‍ അപൂര്‍വ്വമായ തരത്തില്‍ പരമ്പരയായി, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയവയായിരുന്നു ആ സ്‌ഫോടനങ്ങള്‍. ദാവൂദ് പാകിസ്താനിലേക്ക് താവളം മാറ്റിയതിനു തൊട്ടുപിന്നാലെയാണ് ബോംബിങ്ങുകള്‍ നടന്നത്.

പാകിസ്താനിലേക്കുള്ള ദാവൂദിന്റെ മാറ്റം വഴി സംഭവിച്ചത് അധോലോക ഗുണ്ട എന്നതില്‍ നിന്ന് ഒരു ആഗോള തീവ്രവാദിയിലേക്കുള്ള മാറ്റം കൂടിയാണ്. ലഷ്‌കര്‍ ഇ ത്വയ്യിബ, ഐഎസ്‌ഐ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു ദാവൂദ്. ദുബൈ, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളിലെ അധികാരകേന്ദ്രങ്ങളില്‍ പടര്‍ന്നുകയറി നില്‍ക്കുന്ന പ്രസ്ഥാനമായ ഡികമ്പനിക്ക് യുകെ, മൊറോക്കോ, ജര്‍മനി, തുര്‍ക്കി, ഫ്രാന്‍സ്, സ്‌പെയിന്‍, മൊറോക്കോ, സൈപ്രസ്, യുഎഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലും സ്വാധീനം വളര്‍ന്നു. നേരത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാം ദാവൂദിന്റെ സംഘത്തില്‍ പ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്നെങ്കില്‍ ഇന്ന് അവരില്‍ ഭൂരിഭാഗം പേരും തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ദാവൂദിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ഛോട്ടാ രാജന്‍ പോലും പിന്നീട് ഹിന്ദുക്കള്‍ മാത്രം അംഗങ്ങളായ ഗാങ്ങുണ്ടാക്കി പിരിയുകയുണ്ടായി.

1974ല്‍ മെട്രോപോളിറ്റന്‍ ബാങ്കിന്റെ വാഹനം കൊള്ളയടിച്ച് 4,75,000 രൂപ തട്ടിയ സംഭവമാണ് ദാവൂദ് ഇബ്രാഹിമിനെതിരെ ചാര്‍ജ് ചെയ്യപ്പെട്ട ആദ്യത്തെ വലിയ ക്രിമിനല്‍ കുറ്റമെന്ന് പറയാം. പിന്നീട് 1993 മാര്‍ച്ച് 12ന് മുംബൈയില്‍ 12 ഇടങ്ങളിലായി സംഘടിപ്പിച്ച ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ദാവൂദാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 250 പേരുടെ മരണത്തിന് കാരണമായി ഈ സ്‌ഫോടനങ്ങള്‍. 1997 ആഗസ്റ്റ് 12ന് ടി സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ദാവൂദിന്റെ സഹായിയായ അബ്ദുള്‍ റൗഫ് പിടിയിലായെങ്കിലും ദാവൂദിന് നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ നിരവധി രാഷ്ട്രീയക്കാരുടെയും കലാകാരന്മാരുടെയും മരണങ്ങള്‍ക്കു പിന്നില്‍ ദാവൂദാണെന്ന് ആരോപണങ്ങള്‍ നിലവിലുണ്ട്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി ദാവൂദ് അല്‍ഖായിദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി ഐക്യരാഷ്ട്രസഭ ആരോപിക്കുന്നു. ദാവൂദിനെ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വിശദീകരിക്കുന്നിടത്ത് ദക്ഷിണേഷ്യ, മധ്യ പൂര്‍വ്വദേശങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ കള്ളക്കടത്ത് മാര്‍ഗ്ഗങ്ങള്‍ സ്ഥാപിച്ചതായും പറയുന്നുണ്ട്. ഉസാമ ബിന്‍ ലാദനുമായും അയാളുടെ ഭീകരവാദ ശൃംഖലയുമായും ചേര്‍ന്നാണ് ദാവൂദ് ഈ കള്ളക്കടത്തുകള്‍ നടത്തിയിരുന്നതെന്നും ഐക്യരാഷ്ട്രസഭ സാക്ഷ്യപ്പെടുത്തുന്നു. 90കളുടെ അവസാനത്തില്‍ താലിബാന്‍ സഹായത്തോടെ ദാവൂദ് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിരുന്നുവത്രെ! അല്‍ ഖായിദയെയും ലഷ്‌കര്‍ ഇ ത്വയ്യിബ പോലുള്ള ഇതര സംഘടനകളെയും സാമ്പത്തികമായി ദാവൂദ് സഹായിച്ചിരുന്നതായി വിവരങ്ങളുണ്ടെന്നും ഐക്യരാഷ്ട്രസഭ പറയുന്നു.

ഡി കമ്പനി

ഡി കമ്പനി ഇന്ന് ആര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ നില്‍ക്കുന്നൊരു പ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ട് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. തീവ്രവാദ പ്രവര്‍ത്തനം മുതല്‍ നമ്മുടെ കൈകളിലെത്തുന്ന പുത്തന്‍ സിനിമകളുടെ വ്യാജ കോപ്പികളില്‍ വരെ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ട്. അയ്യായിരത്തോളം ക്രിമിനലുകളുടെ ഒരു ശൃംഖലയാണ് ഇന്ന് ഡി കമ്പനി.

ബോളിവുഡിലെ ഒരുപക്ഷെ, ഏറ്റവും വിലകുറഞ്ഞ മനുഷ്യരെയാണ് നമ്മള്‍ സ്‌ക്രീനുകളില്‍ കാണുന്നത്. ദാവൂദിന്റെ ലോകത്തിലെ കളിപ്പാവകള്‍. ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ മാത്രമൊതുങ്ങുന്നില്ല ദാവൂദിന്റെ ഇടപെടലുകള്‍. ഏതൊക്കെ ചിത്രങ്ങള്‍ ആരെല്ലാം നിര്‍മിക്കണമെന്നും സംവിധാനം ചെയ്യണമെന്നും അഭിനയിക്കണമെന്നുമെല്ലാം നിശ്ചയിക്കാന്‍ അധികാരമുള്ളയാളാണ് ഇന്നും ദാവൂദ്. ലാഭവിഹിതം പങ്കു വെക്കണമെന്നാവശ്യപ്പെട്ട് ദാവൂദിന്റെ വിളികള്‍ നിരവധി നിര്‍മാതാക്കള്‍ക്ക് എത്താറുണ്ട്. 90കളിലാണ് ദാവൂദ് സിനിമാ വ്യവസായത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയത്. നടീനടന്മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം വേണ്ടി ആഡംബരപാര്‍ട്ടികള്‍ നിരവധി സംഘടിപ്പിച്ചു ദാവൂദ്. നടിമാരുമായി ദാവൂദിനുള്ള ബന്ധങ്ങള്‍ അക്കാലത്ത് ചര്‍ച്ചയായിരുന്നു. 1997ല്‍ ടി സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മരണത്തിനു പിന്നില്‍ ഡി കമ്പനിയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇന്ത്യ, പകിസ്താന്‍, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി കമ്പനി എന്ന ദാവൂദിന്റെ സംഘത്തെയും, അതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളെയും, ദാവൂദിനെത്തന്നെയും ഉപരോധിക്കാനുള്ള യുഎസ്സിന്റെ തീരുമാനം 2015ലാണ് വന്നത്. 2003 ഒക്ടോബറില്‍ തന്നെ ദാവൂദിനെ ആഗോളഭീകരനായി യുഎസ് പ്രഖ്യാപിച്ചിരുന്നു. 2006 ജൂണ്‍ മാസത്തില്‍ യുഎസ്സിലെ കിങ്പിന്‍ നിയമപ്രകാരം ദാവൂദിനെ സുപ്രധാന മയക്കുമരുന്ന് കടത്തുകാരനായി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ പാക് സൈനിക നേതൃത്വത്തിന്റെ സഹായത്തോടെ ജിവിക്കുകയാണ് എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് നിഷേധിക്കുന്ന ഒരേയൊരു കൂട്ടര്‍ പാക് സര്‍ക്കാര്‍ മാത്രമാണ്. കറാച്ചിയിലെ അത്യാഡംബര സൗകര്യങ്ങളുള്ള വീടുകളിലാണ് താമസം. ബര്‍ണി ഹൗസ് എന്ന ആഡംബര ഭവനത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാക് സൈനികരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ദാവൂദിന്റെ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. 2015ലെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ ഗാങ്സ്റ്ററാണ് ദാവൂദ്. 6.7 ബില്യണ്‍ ഡോളറാണ് ആസ്തി. ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി അറിയിച്ചത്. ദാവൂദിന്റെ സഹോദരി ഹസിന പര്‍ക്കറും അമ്മ അമിന ബി കസ്‌കറും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ദാവൂദിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഇന്നും ചോദ്യങ്ങള്‍ ബാക്കിയാണ്. ദാവൂദ് രോഗബാധിതനാണെന്നും മാനസികമായി ക്ഷീണം അനുഭവിക്കുകയാണെന്നുമെല്ലാം. ഇതിനിടെ 2018 മാര്‍ച്ച് 7ന് ദാവൂദിന്റെ അഭിഭാഷകന്‍ ശ്യാം കേശ്വാനിയുടേതായി ഒരു പ്രസ്താവന മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാവൂദ് ചില ഉപാധികളോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണ്‍ ഗാങ്സ്റ്റര്‍ ജീവിതത്തിനൊടുവില്‍ ദാനധര്‍മ്മാദികളിലേക്ക് മടങ്ങിയ, ഹജ്ജിനു പോയി ഭക്തിയുടെ മാര്‍ഗം സ്വീകരിച്ച തന്റെ ഗുരു ഹാജി മസ്താന്റെ പാതയിലേക്ക് തിരിക്കുകയാണോ ദാവൂദ് എന്ന സന്ദേഹങ്ങളുയരുന്നുണ്ട്.

നേരത്തെയും ദാവൂദ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത്. എന്നാല്‍, സര്‍ക്കാര്‍ വിസമ്മതം പ്രകടിപ്പിച്ചു. ചെയ്ത കുറ്റങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങാതെ രക്ഷപ്പെടാം എന്നതിനൊപ്പം നിലവിലെ ബിസിനസ്സുകള്‍ക്ക് നിയമപരത നേടിക്കൊടുക്കുകയുമാകാം എന്നതാണ് ദാവൂദിന്റെ മനസ്സിലിരിപ്പെന്ന് സര്‍ക്കാര്‍ അന്ന് വിലയിരുത്തി. എല്ലാ വില്ലന്‍ കഥാപാത്രങ്ങളെ പോലെ അവസാനം മാനസാന്ദ്രം വന്ന് നല്ലവനായി തിരികെ വരാന്‍ ആണോ അതോ മറ്റു ചില ലക്ഷ്യങ്ങള്‍ കണക് കൂട്ടിയാണോ എന്നുള്ളതും ചിന്തിക്കേണ്ടതാണ്. സിനിമാകഥ പോലെ ട്വിസ്റ്റുകള്‍ മാത്രമുള്ള അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ ഉദേശലക്ഷ്യങ്ങളെ കുറിച്ച് പ്രവചിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതും ഒരു സത്യമാണ്.