പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ കുഴല്‍പണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ കുഴല്‍പണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

August 31, 2018 0 By Editor

വാളയാര്‍: പ്രളയ ബാധിതര്‍ക്കുള്ള വസ്ത്രങ്ങളെന്ന പേരില്‍ സംസ്ഥാനത്തേക്ക് ബാഗില്‍ ഒളിപ്പിച്ചു കടത്തിയ അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പണം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി സലീമിനെ (40) അറസ്റ്റ് ചെയ്തു. ഉച്ചയോടെ കെഎസ്ആര്‍ടിസി ബസില്‍ ചെക് പോസ്റ്റ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണു പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ കടത്തിയ കുഴല്‍പണം പിടികൂടിയത്. വലിയ ബാഗില്‍ വസ്ത്രങ്ങള്‍ക്കടിയിലായാണ് പണം സൂക്ഷിച്ചിരുന്നത്.

ബാഗിന്റെ മുന്‍വശത്ത് തമിഴ്‌നാട്ടില്‍ നിന്ന് പ്രളയബാധിതര്‍ക്കുള്ള വസ്ത്രങ്ങളെന്നും എഴുതി പതിച്ചിരുന്നു. സംശയം തോന്നി ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് നോട്ട്‌കെട്ടുകള്‍ കണ്ടെത്തിയത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കോയമ്പത്തൂര്‍ വിമാനത്താവളം വഴിയെത്തിച്ച കുഴല്‍പണമാണിതെന്നു പ്രതി സമ്മതിച്ചു. തുടര്‍ പരിശോധനയില്‍ ഇയാളുടെ ശരീര ഭാഗങ്ങളില്‍ നിന്നും നോട്ട്‌കെട്ടുകള്‍ കണ്ടെത്തി.

ബസില്‍ നിന്നു പുറത്തിറക്കുന്നതിടെ ഉദ്യോഗസ്ഥ സംഘത്തെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിച്ച നോട്ട്‌കെട്ടുകള്‍ മുന്‍കൂട്ടി അറിയിച്ചതു പ്രകാരം അപരിചിതനായ ഒരാള്‍ തനിക്കു കൈമാറിയെന്നും പിന്നീട് പരിശോധന വെട്ടിക്കാന്‍ ബാഗിന്റെ മുന്‍വശത്ത് വെള്ളക്കടലാസില്‍ പ്രളയ ദുരിതാശ്വാസമെന്ന് എഴുതിപ്പിടിപ്പിക്കുകയായിരുന്നുവെന്നും സലീം മൊഴി നല്‍കി. കൊച്ചിയിലേക്കാണ് പണം കൊണ്ടുപോയിരുന്നത്.

സിഐ എ.കെ.ശശിധരന്‍, ഇന്‍സ്‌പെക്ടര്‍ ഷമീര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ശ്രീജിത്ത്, ഫ്രാന്‍സിസ്, സിഇഒമാരായ രജിത്ത്, ഷൈബു, സഫീറലി എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. പ്രളയത്തിന്റെ മറവില്‍ വന്‍തോതില്‍ നികുതിവെട്ടിപ്പ് നടക്കുന്നതായി വിവരമുണ്ട്. ഇതിനു പിന്നാലെയാണ് കുഴല്‍പണക്കടത്ത്. സംഭവത്തില്‍ വിശദ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു.