പ്രളയദുരന്ത മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്: രമേശ് ചെന്നിത്തല

September 13, 2018 0 By Editor

തിരുവനന്തപുരം: പ്രളയദുരന്ത മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. എന്നാല്‍ പ്രളയത്തില്‍പ്പെട്ട കര്‍ണാടകയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയത് കേരളം മാതൃകയാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇന്ത്യയിലെ തന്നെ വിവിധ കേന്ദ്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുമ്‌ബോള്‍ കേരളമാകട്ടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ കെ.പി.എം.ജിയെ പോലുള്ള വിദേശ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിസഭായോഗം പോലും കൂടാനാകാത്തവിധം മന്ത്രിമാരുടെ പടലപ്പിണക്കം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി.

കര്‍ണാടകയില്‍ വീട് പുനര്‍നിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ക്യാമ്ബുകളില്‍ കഴിയുന്നവരെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍, കേരളത്തില്‍ ദുരന്ത മേഖലയിലെ റോഡിലെ കുഴി പോലും അടക്കാന്‍ കഴിയാതെ സര്‍ക്കാര്‍ അന്ധാളിച്ചു നില്‍ക്കുകയാണെന്നും ഇനിയെങ്കിലും അടിയന്തരമായി ദുരന്ത മേഖലയിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയെുള്ള പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.