പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവരാന്‍ അനര്‍ഹരും

പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവരാന്‍ അനര്‍ഹരും

July 24, 2018 0 By Editor

കൊച്ചി: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍ക്കാര്‍ സഹായം കാത്തു കഴിയുന്നവരുടെ ആനുകൂല്യങ്ങള്‍ കവരാന്‍ അനര്‍ഹരും രംഗത്ത്. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ പട്ടികയില്‍ അനധികൃതമായി കയറിപ്പറ്റിയാണ് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമം നടക്കുന്നത്. ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അനര്‍ഹരും പട്ടികയില്‍ ഇടം നേടുന്നത്. സംസ്ഥാനത്താകെ 500 ഓളം ദുരിതാശ്വാസ ക്യാംപുകളിലായി 59517 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇത്രയധികം പേര്‍ ക്യാംപില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്യാംപുകളില്‍ വസിച്ച നാട്ടുകാരും പൊതുപ്രവര്‍ത്തകരും പറയുന്നത്. കടല്‍ക്ഷോഭം മൂലം സ്ഥിരമായി ദുരിതം അനുഭവിക്കുന്ന ചെല്ലാനം മേഖലയില്‍ പോലും രേഖകളില്‍ 1500 ഓളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ കേവലം 300 പേര്‍മാത്രമാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്നും ശേഷിക്കുന്നവര്‍ സുരക്ഷിതരോ മറ്റ് അഭയ കേന്ദ്രങ്ങള്‍ തേടിപ്പോയവരോ ആകുമെന്നാണ് ആരോപണം. ദുരിതാശ്വാസ ക്യാംപില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം സര്‍ക്കാര്‍ ഭക്ഷണം മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ട്. അത്യാവശ്യക്കാരെ മാത്രം ക്യാംപില്‍ നിര്‍ത്തി ശേഷിക്കുന്നവരെ മടക്കിയയച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ബില്ല് എഴുതി എടുക്കുകയോ വാങ്ങിവച്ചവ മറിച്ചു വില്‍ക്കുകയോ ചെയ്യാം. ഇതുകൊണ്ടാണ് കഴിയുന്നത്ര പേരെ ദുരിതാശ്വാസക്യാംപുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തിടുക്കും കാണിക്കുന്നത്.

ക്യാംപുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെല്ലാം ദുരിത ബാധിതരാണോ എന്ന് പരിശോധിച്ച ശേഷമല്ല നഷ്ടപരിഹാരവിതരണം നടത്താറ്. അതുകൊണ്ട് പേര് രജിസ്റ്റര്‍ ചെയ്യ്താല്‍ അനര്‍ഹക്കും പണമടക്കമുള്ള സഹായങ്ങള്‍ ലഭിക്കും. ഓഖി അടക്കമുള്ള ദുരന്തങ്ങള്‍ മുതലെടുത്ത് സര്‍ക്കാര്‍ സഹായം പറ്റിയ വലരുമാണ് പ്രളയക്കെടുതിയേ മറയാക്കി സര്‍ക്കാര്‍ പണം തട്ടാന്‍ ശ്രമിക്കുന്നത്.