പ്രളയത്തില്‍ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകള്‍ വറ്റിവരളുന്നു

പ്രളയത്തില്‍ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകള്‍ വറ്റിവരളുന്നു

September 6, 2018 0 By Editor

നിലന്പൂര്‍: ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നദികള്‍ കരകവിഞ്ഞ നിലന്പൂര്‍ മലയോര മേഖലയില്‍ പുഴകള്‍ വറ്റിവരളുന്നു.

കഴിഞ്ഞ മാസം എട്ടുമുതല്‍ 16 വരെ മലയോര മേഖലകളിലും പന്തീരായിരം വനമേഖലകളിലും ഉണ്ടായ ഉരുള്‍പൊട്ടലുകളെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി നാശം വിതച്ച ചാലിയാര്‍ പഞ്ചായത്തിലെ കുറുവന്‍പുഴയിലും കാഞ്ഞിരപ്പുഴയിലും വ്യാപകമായ തോതില്‍ നീരൊഴുക്ക് കുറയുകയാണ്. കടുത്ത വേനലിലെ അവസ്ഥയാണ് പുഴകളില്‍.

കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാന്പില്‍ കഴിയുന്ന മതില്‍മൂല കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് തന്നെ ജലവിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുകയാണ്.

പുഴകളില്‍ ജലവിതാനം കുറഞ്ഞതോടെ കിണറുകളിലും വെള്ളം താഴ്ന്നു തുടങ്ങി. മഴക്കാലത്ത് വെള്ളം സംഭരിച്ചു നിര്‍ത്തിുയിരുന്ന വയലുകള്‍ ഇല്ലാതായതും പുഴകളില്‍ വ്യാപകമായി മണലൂറ്റല്‍ നടന്നതും നിലം നികത്തലുമാണ് പുഴകളിലെ വെള്ളം കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്.

ചാലിയാര്‍, കരിന്പുഴ, കലക്കന്‍പുഴ, കുതിരപ്പുഴ, പുന്നപ്പുഴ, കാരക്കോടന്‍പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കോട്ടപ്പുഴ, കുറുവന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകി ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറിയിരുന്നു. നിലന്പൂര്‍ നഗരസഭയില്‍ മാത്രം അഞ്ചു ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിരുന്നത്.