പ്രമുഖ വ്യവസായി സലീം ബാഷ അന്തരിച്ചു

September 9, 2018 0 By Editor

ബേക്കല്‍: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ ബേക്കലിലെ സലീം ബാഷ(70) അന്തരിച്ചു. ശനിയാഴ്ച്ച രാത്രി 7:45 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരിലെ സ്വന്തം സ്ഥാപനമായ അമ്ബിളി റിസോര്‍ട്ടില്‍ വെച്ചായിരുന്നു അന്ത്യം.

കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ കെകെ പുറം തറവാട് കുടുംബാംഗമാണ് സലീം ബാഷ. പരേതരായ കെ കെ അഹമ്മദ്ഉമ്മാലിയുമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: മറിയം ബാഷ(മുംബൈ). രണ്ട് പെണ്‍മക്കളുണ്ട്(മഹാ ബാഷ, മല്ലിക ബാഷ). ഇരുവരും അമേരിക്കയിലാണ്. സഹോദരങ്ങള്‍: അബ്ദുല്ല (മൈസൂര്‍), സാഹിറ (ബല്ലാക്കടപ്പുറം), സാബിറ (ബംഗളം)

ഖബറടക്കം ഞായറാഴ്ച്ച രാത്രിയോടെ അന്ധേരി ഷാര്‍ബാവ് വര്‍സോവ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സലീം ബാഷ ചെറുപ്രായത്തില്‍ തന്നെ മുംബൈയിലേക്ക് പോയി. അവിടെ ചെറിയ ജോലി ചെയ്ത് പിന്നീട് വലിയ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. ബാന്ദ്രയിലും സാന്‍ഡ് ക്രൂസിലും ബാഷാ എന്റര്‍പ്രൈസസ് എന്ന പേരില്‍ റിക്രൂട്ടിങ്ങ് ഏജന്‍സിയും ബാഷാ ഇന്റര്‍നാഷണല്‍ ട്രാവല്‍സും നടത്തിവന്നിരുന്നു.

മൈസൂരില്‍ പ്രശസ്തമായ അമ്ബിളി റിസോര്‍ട്ട് ബാഷ നിര്‍മ്മിച്ചു. ഗോവയില്‍ ഹോട്ടല്‍ സമുച്ചയം നിര്‍മ്മിക്കുന്നതിുനായി 50 ഏക്കര്‍ സ്ഥലവും വാങ്ങിയിരുന്നു, ബേക്കല്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന കമ്ബനി രൂപീകരിച്ച് കൂര്‍ഗ് ഹൈറ്റ്‌സ് റിസോര്‍ട്ട് മടിക്കേരിയില്‍ ആരംഭിക്കുകയും അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മംഗളൂരു, കൊച്ചി എന്നിവിടങ്ങളിലും ഒരു റിക്രൂട്ടിങ്ങ് ഏജന്‍സി നടത്തിയിരുന്നു.

ഓരോ നോമ്ബുകാലത്തും മാത്രമാണ് അദ്ദേഹം നാട്ടിലെത്താറുള്ളത്. നാട്ടിലെത്തിയാല്‍ ബേക്കലിലെയും ബല്ലാകടപ്പുറത്തെയും വീടുകളില്‍വെച്ച് ലക്ഷക്കണക്കിന് രൂപയുടെ സക്കാത്ത് വിതരണം അദ്ദേഹം നടത്താറുണ്ട്. സക്കാത്ത് വാങ്ങാന്‍ ദൂരദിക്കുകളില്‍ നിന്ന് പോലും ബേക്കലിലും ബല്ലാകടപ്പുറത്തമായി ആളുകളെത്താറുണ്ട്. കാഞ്ഞാങ്ങാടാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പലരുമുള്ളത്. മുംബൈയിലായിരുന്നു സ്ഥിര താമസം. സക്കാത്ത് നല്‍കാനും അടുത്ത കുടുംബാംഗങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കാനും മാത്രമായിരുന്നു നാട്ടിലെത്താറുണ്ടായിരുന്നത്.