പ്രശസ്ത സംവിധായകന്‍ കെ.എന്‍.ടി. ശാസ്ത്രി അന്തരിച്ചു

September 16, 2018 0 By Editor

ഹൈദരാബാദ്: പ്രശസ്ത സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.എന്‍.ടി. ശാസ്ത്രി (70) അന്തരിച്ചു. തിരുമുള്‍ഘേരിയിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.മാദ്ധ്യമപ്രവര്‍ത്തകനായി തുടങ്ങി പതിയെ സിനിമയിലേക്ക് അടുത്തു. നാടക സംഘമായ ‘ സുരഭി’ യെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെയാണ് സംവിധായകന്റെ വേഷമണിഞ്ഞത്. ചലച്ചിത്ര ലോകത്തിന് പത്ത് സിനിമകള്‍ സമ്മാനിച്ചു. പത്ത് പുസ്തകങ്ങളും രചിച്ചു.ഏഴ് തവണ ദേശീയ പുരസ്‌കാര ജേതാവായ അദ്ദേഹം സിനിമയുടെ സമസ്ത മേഖലയിലും കഴിവു തെളിയിച്ചു.

മികച്ച ചലച്ചിത്ര നിരൂപകന്‍, സിനിമാ പുസ്തക പ്രസാധകന്‍, സിനിമാ പുസ്തക രചയിതാവ്, ഡോക്യുമെന്ററി, മികച്ച സിനിമ, പ്രാദേശിക സിനിമ, നവാഗത സംവിധായകന്‍ എന്നീ വിഭാഗങ്ങളിലാണ് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായത്. ‘തിലദാനം’ എന്ന ചിത്രത്തിന് 12 രാജ്യാന്തര പുരസ്‌കാരങ്ങളും ശാസ്ത്രിയെ തേടിയെത്തി.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍, ദേശീയ ചലച്ചിത്ര അവാര്‍ഡ്, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് കമ്മിറ്റികളുടെ ജൂറി അംഗമായിരുന്നു. ഷാനു ആയിരുന്നു അവസാന ചിത്രം.