പുരുലിയ കൊലപാതകം: ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

June 8, 2018 0 By Editor

ന്യൂഡല്‍ഹി : പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. പുരുലിയയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച നിരസിച്ചത്. മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

മെയ് 30 നാണ് പശ്ചിമബംഗാളില്‍ 20 കാരനായ ബി ജെ പി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹാതോവിനെ മരത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്.

രണ്ടു ദിവസത്തിന് ശേഷം മറ്റൊരു ബി ജെ പി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇയാളുടേത് ആത്മഹത്യയാണന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

സംഭവം കൊലപാതകമാണെന്നും കൊലപാതകികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പൊലീസ് ആത്മഹത്യാ വാദം ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്ദന്‍ ബസു ആരോപിച്ചിരുന്നു.

തുടര്‍ന്ന് കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.