പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പൊളിക്കാന്‍ ഉത്തരവ്

പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പൊളിക്കാന്‍ ഉത്തരവ്

July 11, 2018 0 By Editor

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ ജലം അടിയന്തരമായി തുറന്നുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡാം പൊളിച്ചുനീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അണക്കെട്ടിലെ വെള്ളം എത്രയുംപെട്ടെന്നു തുറന്നുവിടാനാണ് കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒരു ടെക്‌നിക്കല്‍ ഓഫീസറെ നിയമിച്ച് വെള്ളം പൂര്‍ണമായി ഒഴുക്കിക്കളയണം. അതിന് ശേഷം ഡാം പൊളിച്ചുനീക്കണം. നിര്‍ദേശം നടപ്പാക്കി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

മഴക്കാലമായതിനാല്‍ ഒറ്റയടിക്ക് വെള്ളം തുറന്നുവിടുന്നത് അപകടത്തിനിടയാക്കും. ഈ സാഹചര്യത്തിലാണ് ടെക്‌നിക്കല്‍ ഓഫീസറുടെ സഹായത്തോടെ വെള്ളം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്. ഡാം പൊളിച്ചുനീക്കുന്നതില്‍ കുഴപ്പമില്ലെന്ന് മലപ്പുറം കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു, സര്‍ക്കാരും ഇതിനോടു യോജിപ്പ് അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് എത്രയും വേഗത്തില്‍ വെള്ളം ഒഴുക്കിക്കളയണമെന്ന നിര്‍ദേശം നല്‍കിയത്.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പുറമെ റോഡ് കൈയേറിയതും അനധികൃതമായി തടയണ നിര്‍മിച്ചതും വിവാദമായി. എന്നാല്‍, വാട്ടര്‍തീം പാര്‍ക്കും പരിസരവും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നായിരുന്നു അന്‍വറിന്റെ നിലപാട്.